കൂലി വർധനവില്ല; പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളികൾ സമരത്തിലേക്ക്

പേരാമ്പ്ര: കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി എന്നിവക്കു പുറമെ പ്ലാന്റേഷൻ കോർപറേഷനിലെ ഭരണാനുകൂല സംഘടനകളും മാനേജ്മെന്റിനെതിരേയും വകുപ്പ് മന്ത്രിക്കെതിരേയും സമര രംഗത്തു വരുന്നു. കെ.എസ്.ഇ.ബിയിലും കെ.എസ്.ആർ.ടി.സിയിലും സി.ഐ.ടി.യു ആണെങ്കിൽ പ്ലാന്റേഷൻ കോർപറേഷനിൽ ജനതാദളിന്റെ തൊഴിലാളി സംഘടനയായ എച്ച്.എം.എസ് ആണ് സമര രംഗത്തിറങ്ങുന്നത്. പ്ലാന്റേഷൻ കോർപറേഷനു കീഴിൽ സംസ്ഥാനത്ത് പേരാമ്പ്ര എസ്റ്റേറ്റ് ഉൾപ്പെടെയുള്ള 13 എസ്റ്റേറ്റുകളാണ് ഉള്ളത്. തോട്ടം തൊഴിലാളികൾക്ക് 500 രൂപയിൽ താഴെ ദിവസക്കൂലിയാണ് ഇപ്പോൾ ലഭിക്കുന്നത്. 700 രൂപ ദിവസക്കൂലി ഓരോ തൊഴിലാളിക്കും ലഭ്യമാക്കണമെന്നത് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്​ദാനമാണെങ്കിലും അത് ഇതുവരെ നടപ്പിലാക്കിയില്ലെന്ന് ആരോപിച്ചാണ് എച്ച്.എം.എസ് സമരത്തിനൊരുങ്ങുന്നത്. ഇപ്പോൾ ലഭിക്കുന്ന 500 രൂപയിൽ 80 രൂപ നാലു വർഷം മുമ്പ് ഇടക്കാലാശ്വാസമായി അനുവദിച്ചതാണ്. ആ തുക കൂലിയിൽ ലയിപ്പിക്കാത്തതുകൊണ്ട് ബോണസ് പോലുള്ള മറ്റാനുകൂല്യങ്ങളിൽ കുറവുണ്ടാകുന്നുണ്ട്. കൂടാതെ, ലീവ് വിത്ത് വേജസ് ഇനത്തിൽ ഒരു വർഷത്തെ തുക കുടിശ്ശികയായി കിടക്കുകയാണെന്നും എച്ച്.എം.എസ് ചൂണ്ടിക്കാട്ടുന്നു. എച്ച്.എം.എസ് നേതൃത്വത്തിൽ തൊഴിലാളികൾ സമരത്തിന് നോട്ടീസ് കൊടുത്ത പശ്ചാത്തലത്തിൽ പ്രതിഷേധം ഭയന്ന് വിഷുത്തലേന്ന് ചെറിയൊരു തുക ഈ ഇനത്തിൽ തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്. ഇപ്പോഴും കാഷ്വൽ ലീവിന്റെ 50 ശമാനം തുകയും രണ്ടു വർഷത്തെ മെഡിക്കൽ ലീവി​െന്റ മുഴുവൻ തുകയും കുടിശ്ശികയായി കിടക്കുകയാണ്. എസ്റ്റേറ്റിലെ പ്രധാന ഉല്പന്നമായ റബ്ബറിന് കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ഏറ്റവും വലിയ വില ലഭിച്ച ഒരു വർഷം കടന്നുപോയിട്ടും തൊഴിലാളികൾക്ക് കൂലിയിൽ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഒരു നയാപൈസയുടെ വർധനവുണ്ടായിട്ടില്ല. തൊഴിലാളി പ്രതിനിധികളുമായുള്ള കൃഷി മന്ത്രിയും മാനേജ്മൻെറും നടത്തിയ യോഗ തീരുമാനങ്ങൾപോലും നടപ്പാക്കാൻ തയാറാകാത്ത സാഹചര്യത്തിൽ രണ്ടു ഘട്ടസമരങ്ങൾക്കുശേഷം മൂന്നാംഘട്ട സമരമായി ഏപ്രിൽ 20ന് പേരാമ്പ്ര എസ്റ്റേറ്റ് ഓഫിസ് മാർച്ച് നടത്തുവാൻ പേരാമ്പ്ര എസ്റ്റേറ്റ് ലേബർ സൻെറർ യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.ജി. രാമനാരായണൻ അധ്യക്ഷത വഹിച്ചു. വിജു ചെറുവത്തൂർ, കെ.പി. ശ്രീജിത്ത്, പി. കെ. പ്രേമലത, സി. കെ. സുരേഷ്, സതീശൻ ഉളേളരി, സിന്ധു മൈക്കിൾ, കെ. ജെ. ജോഷി, ബിജു ദേവസ്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT