മാട്ടുവയൽ അഴിമുഖം തോട്ടിലെ മാലിന്യം: ശാശ്വത പരിഹാരം ഉണ്ടാവണം -മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: നഗരസഭയുടെ എലത്തൂർ മേഖല ഓഫിസിന്‍റെ പരിധിയിലുള്ള മാട്ടുവയൽ അഴിമുഖം തോട്ടിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മാട്ടുവയൽ തോട്ടിലെ ചളിയും മാലിന്യവും നീക്കി തോടിന്‍റെ ഇരുവശവും കരിങ്കല്ല് ഭിത്തി കെട്ടി സ്ലാബിട്ട് മൂടുന്നതിന് നഗരസഭ എത്രയും വേഗം പദ്ധതി തയാറാക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ മൂന്നു മാസത്തിനകം കമീഷനെ അറിയിക്കണം. എലത്തൂർ ഭാഗത്തുനിന്നുള്ള മഴവെള്ളം ഒഴുകി മാട്ടുവയൽ തോടുവഴി കടലിലേക്ക് ചേരുകയാണ് ചെയ്യുന്നതെന്ന്​ കോഴിക്കോട്​ കോർപറേഷൻ സെക്രട്ടറി റിപ്പോർട്ട്​ നൽകി. എന്നാൽ, വർഷാവർഷം കടൽ ഉൾവലിഞ്ഞ് സ്ഥലത്ത് മുഴുവൻ കാടുപിടിച്ച് തോട് അവസാനിക്കുന്ന ഭാഗത്ത് 100 മീറ്റർ ചുറ്റളവിൽ വെള്ളക്കെട്ട് രൂപപ്പെടും. അതിനുശേഷം തോട്ടിൽ വർഷാവർഷം വേനൽക്കാലത്ത് വെള്ളം കെട്ടിനിന്ന് തോടരികിലെ തെങ്ങിൽനിന്നുള്ള ഓലയും മറ്റും തോട്ടിൽ വീണ് മലിനമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചുറ്റുപാടും താമസിക്കുന്ന ചിലർ മാലിന്യം തോട്ടിൽ നിക്ഷേപിക്കാറുണ്ട്. നഗരസഭ കൗൺസിലറുടെ നിർദേശപ്രകാരം തോട്ടിൽ കൊതുകു നിവാരണം നടത്തിയിട്ടുണ്ട്. മാലിന്യം ഒരു പരിധിവരെ നീക്കം ചെയ്തു. ചളിയും മാലിന്യവും നീക്കി തോടിന്‍റെ ഇരുവശത്തും കരിങ്കൽഭിത്തി കെട്ടി സ്ലാബിട്ട് മൂടിയാൽ മാത്രമേ ശാശ്വത പരിഹാരം കാണാനാവൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഫോഗിങ് നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT