കോരപ്പുഴയുടെ ആഴം കൂട്ടൽ; വീണ്ടും കോടതി നടപടികളിലേക്ക്

എലത്തൂർ: ജനപ്രതിനിധികളും അധികൃതരും പരിശ്രമിച്ചിട്ടും കോരപ്പുഴയുടെ ആഴം കൂട്ടൽ പൂർത്തിയാക്കാൻ കഴിയാതെ അനിശ്ചിതത്വത്തിൽ. മന്ത്രി എ.കെ. ശശീന്ദ്രന്‍റെ നേതൃത്വത്തിൽ പലതവണ ചർച്ചകൾ നടന്നിരുന്നെങ്കിലും വീണ്ടും കോടതി നടപടികളിലേക്ക് നീങ്ങുകയാണ്​. ആഴംകൂട്ടൽ പ്രവൃത്തി ആഗസ്റ്റിൽ ആരംഭിക്കാനിരിക്കെയാണ്​ ജലസേചന വകുപ്പിന്‍റെ നടപടികൾ ചോദ്യംചെയ്ത്​ ആദ്യം പ്രവൃത്തി ഏറ്റെടുത്ത കരാർ കമ്പനി വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്​. കോടതി ഉത്തരവ്​​ പാലിക്കാതെയാണ്​ ജലസേചന വകുപ്പ് പ്രവൃത്തിക്ക്​ പുതിയ കരാറുകാരെ നിയമിച്ചതെന്നും കോടതിയെ ഇത് ബോധ്യ​പ്പെടുത്താനുമാണ്​ ​നീക്കം. ആദ്യം ടെൻഡർ വിളിച്ച കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയ ശേഷം പുതിയ ടെൻഡറിലൂടെ മറ്റൊരു കരാറുകാരനെ പ്രവൃത്തി ഏൽപിക്കുകയായിരുന്നു. കരിമ്പട്ടികയിൽപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കമ്പനി സമർപ്പിച്ച അന്യായം അന്തിമതീർപ്പിനായി കോടതി പരിഗണനയിലാണ്​. അന്തിമ ഉത്തരവ് ഉണ്ടാവുന്നതുവരെ തുടർ നടപടികൾ പാടില്ലെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ടെന്നാണ്​ കരാർ കമ്പനി പറയുന്നത്. ദിവസങ്ങൾക്കുമുമ്പ്​ മന്ത്രി എ.കെ. ശശീന്ദ്രൻ പ്രവൃത്തി വേഗം തുടങ്ങാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. പ്രവൃത്തിയുടെ ഹൈഡ്രോഗ്രാഫിക് സർവേ ഉൾപ്പെടെ തുടങ്ങാനിരിക്കെയാണ് വീണ്ടും ഉടക്കിട്ട് ആദ്യ കരാർ കമ്പനി രംഗത്തു വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT