വാതിൽപടി സേവനമൊരുക്കി മുക്കം നഗരസഭ

മുക്കം: ശാരീരിക അവശതകൾ മൂലം സർക്കാർ സേവനങ്ങൾ ലഭിക്കാത്തവർക്ക് വാതിൽപടി സേവനപദ്ധതിയുമായി മുക്കം നഗരസഭ. പ്രായാധിക്യവും ഗുരുതര രോഗങ്ങളുംമൂലം ചലനശേഷി നഷ്ടപ്പെട്ടവർ, വയോജനങ്ങൾ, അവശരായവർ, കിടപ്പുരോഗികൾ, പാരാപ്ലീജിയ രോഗികൾ, മാരക രോഗബാധിതർ, ഭിന്നശേഷിക്കാർ, ഒറ്റപ്പെട്ടുപോയവർ, അതിദരിദ്രർ എന്നിവർക്ക് സർക്കാർ സേവനം വീടുകളിൽ എത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരസഭ, ഡിവിഷൻ തലങ്ങളിൽ രൂപവത്കരിക്കുന്ന കമ്മിറ്റികൾക്കാണ് നടത്തിപ്പു ചുമതല. നഗരസഭ ചെയർമാൻ പ്രസിഡൻറായും സെക്രട്ടറി കൺവീനറായും നഗരസഭതല കമ്മറ്റി നിലവിൽവന്നിട്ടുണ്ട്. സർക്കാർ മാനദണ്ഡപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവർത്തകർ വഴിയാണ് ഈ സേവനങ്ങൾ വീടുകളിൽ എത്തിക്കുക. ആദ്യ ഘട്ടത്തിൽ പെൻഷൻ അപേക്ഷ, മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, അവശ്യമരുന്നുകൾ എന്നീ സേവനങ്ങളാണ് ആരംഭിക്കുന്നത്. തുടർന്ന് മറ്റു സേവന മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. നഗരസഭ കൗൺസിലർമാർക്കുള്ള ഏകദിന പരിശീലന പരിപാടി മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്നു. നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. ചാന്ദിനി അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റികളായ പി. രാജൻ, വി. മോയി, അബ്ദുൽ മജീദ്, ബേബി, വിജീഷ് പരവേരി എന്നിവർ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT