മെഡിക്കൽ കോളജ്: പണി തീർന്നില്ല; പുതിയ ബ്ലോക്ക് ഉടൻ തുറക്കില്ല

കോഴിക്കോട്​: കോവിഡ്​ ബാധിതരെ ഒഴിപ്പിച്ചെങ്കിലും മെഡിക്കൽ കോളജിലെ പി.എം.എസ്​.എസ്​.വൈ ബ്ലോക്ക് മറ്റു രോഗികൾക്കായി തുറന്നുകൊടുക്കാൻ വൈകും. ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു പറഞ്ഞതെങ്കിലും അവസാന മിനുക്കുപണികൾ പൂർത്തിയാകാത്തതിനാലാണ്​ പ്രവർത്തനം തുടങ്ങാനാകാത്തതെന്ന്​ അധികൃതർ പറഞ്ഞു. ശീതീകരണത്തിന് ഉൾപ്പെടെയുള്ള നിരവധി സംവിധാനങ്ങൾ ഒരുക്കാനുണ്ട്​. പണി പൂർത്തിയാകുന്നതിനു​ മുമ്പാണ് കോവിഡ്​ ആശുപത്രിയായി മാറ്റിയത്​. കോവിഡ്​ ബാധിതരെ മാറ്റി ജില്ല ഭരണകൂടം ആശുപത്രി തിരികെ കൈമാറിയശേഷമാണ്​ മറ്റു​ പ്രവൃത്തികൾ നടക്കുന്നതെന്ന്​ പി.എം.എസ്​.എസ്​.വൈ നോഡൽ ഓഫിസർ ഡോ. ദിനേശ്​ പറഞ്ഞു. എച്ച്​.എൽ.എൽ ആണ്​ പി.എം.എസ്​.എസ്​.വൈയുടെ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്​. മിനുക്കുപണികൾ പൂർത്തിയാക്കാൻ മൂന്നു മാസത്തെ സമയമാണ്​ അവർ ആവശ്യപ്പെട്ടതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഏപ്രിലിൽ പ്രവർത്തനം തുടങ്ങുമെന്നായിരുന്നു നേരത്തേ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്​. 2016ലാണ്​ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതിപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ 195 കോടി രൂപ ഉപയോഗിച്ച്​ ഏഴു ​നിലകളുള്ള അത്യാഹിത വിഭാഗം കോംപ്ലക്​സ്​ നിർമിച്ചത്​​. ആധുനിക അത്യാഹിത വിഭാഗം, തിയറ്റർ കോംപ്ലക്സ്​ തുടങ്ങിയവ ഉൾക്കൊള്ളുന്ന കെട്ടിടമാണ് ഒരുങ്ങിയത്​. അത്യാഹിത വിഭാഗം, സർജിക്കൽ സൂപ്പർ സ്​പെഷാലിറ്റികളായ ന്യൂറോ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി, യൂറോളജി, അനസ്‌തേഷ്യ, പ്ലാസ്റ്റിക് സര്‍ജറി എന്നിവയാണ്​ പുതിയ കെട്ടിടത്തിലേക്കു​ മാറുക. 430 കട്ടിലുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്​. എം.ആര്‍.ഐ അടക്കമുള്ള സംവിധാനങ്ങള്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന താഴെ നിലയിൽതന്നെയുണ്ടാകും. ലാബ്, ഇ.സി.ജി, സ്‌കാനിങ് എന്നിവയും ഒരുങ്ങി. കൂടാതെ, അത്യാഹിത വിഭാഗത്തില്‍ ഇ.എന്‍.ടി, ഓര്‍ത്തോ തുടങ്ങിയവക്ക്​ കൂടുതൽ സൗകര്യവുമുണ്ടാകും. കെട്ടിടം ഉദ്​ഘാടനത്തോടടു​ത്തപ്പോഴേക്കും കോവിഡ്​ വ്യാപിച്ചതാണ്​ പ്രവർത്തനം തുടങ്ങാൻ വൈകിയത്​. കോവിഡ്​ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ പുതിയ കെട്ടിടം ജില്ല കോവിഡ്​ ആശുപത്രിയാക്കി മാറ്റാൻ ജില്ല ഭരണകൂടത്തിന്​ അനുമതി നൽകുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന്‍റെ ഓക്സിജൻ പ്ലാന്‍റ്​ വരെ എത്തിച്ചാണ്​ ജില്ല കോവിഡ്​ ആശുപത്രിയായി പ്രവർത്തനം ആരംഭിച്ചത്​. 500ഓളം കിടക്കകളും തയാറാക്കിയിരുന്നു. കോവിഡ്​ ബാധിതർ കുറഞ്ഞതോടെ അത്യാഹിത വിഭാഗം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.