കൊടിയും പേരും: ഐ.എൻ.എല്ലിൽ നിയമപോരാട്ടം

കോഴിക്കോട്​: ഐ.എൻ.എൽ വഹാബ്​ വിഭാഗം കൊടിയും പേരും ഉപയോഗിക്കുന്നതും യോഗങ്ങൾ വിളിക്കുന്നതും മറ്റും തടയണമെന്നാവശ്യപ്പെട്ട്​ ഐ.എൻ.എൽ ദേശീയ നേതൃത്വത്തിന്‍റെ പേരിൽ നൽകിയ കേസിൽ കക്ഷിചേർക്കണമെന്നപേക്ഷിച്ച്​ രണ്ടുപേർ കോടതിയെ സമീപിച്ചു. പാർട്ടി നേതാവ് ബി. ഹംസഹാജി മൂന്നാം അഡീഷനൽ സബ്​ ജഡ്ജി വിനോദ്​ മുമ്പാകെ അഡ്വ. മുദസർ അഹമ്മദ്​, അഡ്വ. കെ.എം. മുഹമ്മദ്​ ഇഖ്​ബാൽ, അഡ്വ. മുനീർ അഹമ്മദ്​ എന്നിവർ മുഖേന നൽകിയ ഹരജിയിൽ എതിർകക്ഷികളായ നാസർ കോയ തങ്ങൾ, എ.പി. അബ്​ദുൽ വഹാബ്​ എന്നിവർ കഴിഞ്ഞദിവസം അഡ്വ. ബി. ശിവരാമകൃഷ്ണൻ മുഖേന ഹാജരായി എതിർ ഹരജി നൽകിയിരുന്നു. എന്നാൽ, ഈ കേസിൽ തങ്ങളെകൂടി കക്ഷിചേർക്കണമെന്നപേക്ഷിച്ച്​ എൻ.കെ. അബ്​ദുൽ അസീസ്​, ഒ.പി.ഐ. കോയ എന്നിവരാണ്​ അഡ്വ. പി.എസ്​. മുരളി മുഖേന ബുധനാഴ്ച ഹരജി നൽകിയത്​. കേസ്​ വീണ്ടും വാദം കേൾക്കാൻ മേയ്​ 23ന്​ മാറ്റി. തങ്ങളെ പുറത്താക്കിയതിനെതിരെ വഹാബും നാസർ കോയ തങ്ങളും നൽകിയ ഹരജി വെള്ളിയാഴ്ച​ പരിഗണിക്കും. മധ്യവേനലവധിയായതിനാൽ ഹരജികളെല്ലാം അടിയന്തര സ്വഭാവമാണെന്ന്​ വാദിച്ച്​ അവധിക്കാല കോടതിയിൽ പരിഗണിക്കാനും ശ്രമമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.