തൊണ്ടിവയൽ കുടിവെള്ളസമരം അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ബഹളത്തിൽ മുങ്ങി

വടകര: മുക്കാളി തൊണ്ടിവയൽ കുടിവെള്ള പ്രശ്നത്തിൽ പഞ്ചായത്ത് ഭരണസമിതി യോഗം ബഹളംമൂലം നിർത്തിവെച്ചു. ഭരണസമിതി തീരുമാനത്തിന് വിരുദ്ധമായി ​സെക്രട്ടറി പ്രവർത്തിച്ചെന്നാരോപിച്ചാണ് ഭരണസമിതി യോഗത്തിൽ അംഗങ്ങളുടെ പ്രതിഷേധമുണ്ടായത്. ഭരണസമിതി യോഗം ബഹളത്തിൽ കലാശിച്ചതോടെ പ്രസിഡന്റ് അയിഷ ഉമ്മർ നടപടികൾ മാറ്റിവെച്ച് യോഗം പിരിച്ചുവിട്ടു. മൂന്ന് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ യോഗം വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. തൊണ്ടിവയൽ ഐസ് പ്ലാന്റുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി പരിശോധിക്കാൻ ഹൈകോടതി നിർദേശിച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതി വിഷയം ചർച്ച ചെയ്യുകയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭൂഗർഭജല പരിശോധന നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. പരിശോധനക്കായി ഐസ് പ്ലാന്റ് അപേക്ഷകനിൽനിന്ന് 15,000 രൂപ പഞ്ചായത്തിൽ ഫീസടപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം ലംഘിച്ച് പഞ്ചായത്തിൽ ഫീസ് അടപ്പിക്കാതെ സെക്രട്ടറി ഭൂഗർഭ ജലപരിശോധന വകുപ്പിൽ നേരിട്ട് ഫീസ് അടക്കുകയും ജലപരിശോധനക്കായി വകുപ്പിന് കൊടുത്ത കത്തിൽ ഐസ് പ്ലാന്റിന്റെ കിണർ എന്ന് രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അംഗങ്ങൾ പ്രതിഷേധിച്ചത്. നിലവിൽ ഐസ് പ്ലാന്റോ അതുമായി ബന്ധപ്പെട്ട കിണറോ ഇല്ല. കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന കിണറാണ് നിലവിലുള്ളതെന്ന് പഞ്ചായത്തിൽ രേഖകളുണ്ടെന്ന് അംഗങ്ങൾ പറഞ്ഞു. പ്രതിഷേധത്തിന് ഭരണസമിതി അംഗങ്ങളായ പി.കെ. പ്രീത, പ്രമോദ് മട്ടാണ്ടി, സാലിം പുനത്തിൽ, റീന രയരോത്ത്, കവിത അനിൽകുമാർ, അനിഷ ആനന്ദ സദനം, സീനത്ത് ബഷീർ എന്നിവർ നേതൃത്വം നൽകി. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമാനുസൃതമായ കാര്യങ്ങൾ മാത്രമാണ് ചെയ്തത്. മറ്റുള്ള കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സെക്രട്ടറി പി. ഷാഹുൽ ഹമീദ് വ്യക്തമാക്കി. ചിത്രം തൊണ്ടിവയൽ കുടിവെള്ളസമരം അഴിയൂർ ഗ്രാമപഞ്ചായത്ത് യോഗത്തിലുണ്ടായ പ്രതിഷേധം Saji 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.