വിഷുവിന് വിഷരഹിത ജൈവ പച്ചക്കറിയുമായി കർഷക കൂട്ടായ്മ

കുന്ദമംഗലം: കുരുവട്ടൂർ പഞ്ചായത്തിലെ വാർഡ് ഏഴിൽ പുറ്റുമണ്ണിൽ താഴത്ത് ട്വന്റി-20 കർഷക ജനശ്രീ കൂട്ടായ്മ വിഷ രഹിത ജൈവ പച്ചക്കറി കൃഷി ചെയ്ത് നാടിന് മാതൃകയായി. മകരക്കൊയ്ത്തിനു ശേഷം ചെറാത് താഴം വയലിലെ അമ്പത് സെന്റ് സ്ഥലത്താണ് ട്വന്റി-20 കർഷക കൂട്ടായ്മയുടെ പച്ചക്കറി കൃഷി. വിളവെടുപ്പിന്റെ ഉദ്ഘാടനം വാർഡ് അംഗം ശശികല പുനപ്പോത്തിൽ നിർവഹിച്ചു. കുരുവട്ടൂർ പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഓഫിസർ രഞ്ജന മുഖ്യാതിഥിയായിരുന്നു. ഇരുപത് പേരുടെ കൂട്ടായ്മയാണ് ട്വന്റി-20. വെണ്ട, പയർ, ചീര,തണ്ണിമത്തൻ, വെള്ള കക്കിരി, മത്തൻ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. പട്ടാളക്കാർ, പൊലീസുകാർ, അധ്യാപകർ, കൂലിപ്പണിക്കാർ തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ആളുകളുടെ കൂട്ടായ്മയാണ് ട്വന്റി- 20. പ്രദേശത്ത് മാരക രോഗങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപെട്ടതാണ് ഈ കൂട്ടായ്മയുടെ രൂപവത്കരണ കാരണം. കഴിഞ്ഞ വർഷം ഇവർ നെൽ കൃഷി നടത്തി നൂറുമേനി വിളവെടുത്തിരുന്നു. ഷാജി തൈകണ്ടിയിൽ എന്ന വ്യക്തി സൗജന്യമായി നൽകിയ ഭൂമിയിലാണ് ജൈവകൃഷി നടത്തുന്നത്. മികച്ച പച്ചക്കറി കൃഷിക്ക് ഈ കൂട്ടായ്മ കഴിഞ്ഞ വർഷം കുരുവട്ടൂർ കൃഷിഭവന്റെ 25,000 രൂപ കാഷ് അവാർഡും പുരസ്കാരവും നേടിയിരുന്നു. വിഷുക്കാലത്തു പ്രദേശത്ത് വിഷരഹിത പച്ചക്കറി വിതരണമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ട്വന്റി-20 സെക്രട്ടറി മനോജ്‌ കുന്നത്താക്കിൽ കെ.സി. ഭാസ്കരൻ മാസ്റ്റർ, രാമചന്ദ്രൻ നായർ, ജനാർദനൻ മണ്ണൊടിയിൽ, ടി.സി. സുധാകരൻ, സുമേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.