വലിയങ്ങാടി -തൃക്കോവിൽ ഇടവഴി വീതികൂട്ടണം -ഖാസി ഫൗണ്ടേഷൻ

കോഴിക്കോട്​: ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളിയെയും നഗരത്തിലെ പ്രധാന പൈതൃക ദേശമായ കുറ്റിച്ചിറയെയും നഗരവുമായി ബന്ധിപ്പിക്കുന്ന വലിയങ്ങാടി തൃക്കോവിൽ ലൈൻ വീതികൂട്ടുന്നതിന്​ അടിയന്തരമായി ഇടപെടണമെന്ന് ഖാസി ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സഞ്ചാരികൾ ധാരാളമെത്തുന്ന ഏഴര നൂറ്റാണ്ട് പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ മിശ്കാൽ പള്ളി, ഇന്ത്യയിലെത്തന്നെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ജൈന ക്ഷേത്രം, ഗുജറാത്തി ക്ഷേത്രം, ദാവൂദി ബോറ മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്​. നിലവിലെ മാർഗമായ വലിയങ്ങാടി ഹൽവ ബസാർ റോഡ് എപ്പോഴും തിരക്കേറിയതായതിനാൽ ബദൽ മാർഗമാണിത്. തെക്കേപ്പുറത്തെ വിവിധ സംഘടനകൾ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യം ഗൗരവമായി പരിഗണിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്നും യോഗം കോർപറേഷനോട് ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ പി. മമ്മത് കോയ അധ്യക്ഷത വഹിച്ചു. 2022 -2024 വർഷത്തെ ഭാരവാഹികളായി എം.വി. മുഹമ്മദലി (ചെയ.) സി.പി. മാമുക്കോയ, പി. മമ്മത് കോയ (വൈസ്. ചെയ.) പി.ടി. ആസാദ് (ജന. സെക്ര.), ആർ. ജയന്ത് കുമാർ (ഓർഗനൈസിങ് സെക്ര.), എം.കെ. ജലീൽ, കെ.പി. മമ്മത് കോയ (സെക്ര.), എം.വി. റംസി ഇസ്മായിൽ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. സി.എ. ഉമ്മർകോയ, വി.പി. മായിൻ കോയ, പി.പി. ഉമ്മർകോയ, സി.പി. മാമുക്കോയ, കെ. മുഹമ്മദ് നാസർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.ടി. ആസാദ് സ്വാഗതവും പി.കെ.എം. കോയ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.