'ടേക്ക് എ ബ്രേക്ക്' തറക്കല്ലിടലും കോളനികളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനവും

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിൽ ലക്ഷം വീട് കോളനികളുടെ നവീകരണ പ്രവൃത്തിയും ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ തറക്കല്ലിടലും ശനിയാഴ്ച നടക്കും. കോഴിക്കോട് ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി നവീകരണ പ്രവൃത്തി ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുമെന്ന് ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ട്, ലക്ഷംവീട് കോളനികളാണ് നവീകരിക്കുന്നത്. ഇതിൽ കാരക്കുറ്റി കോളനിയിൽ പ്രവൃത്തിയാരംഭിച്ചു. വീടുകളുടെ കോൺക്രീറ്റ്, പ്ലാസ്റ്ററിങ്, സൗന്ദര്യവത്കരണം, ഇന്റർലോക്ക് കട്ട വിരിക്കൽ, ഗേറ്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തിയാണ് നടപ്പാക്കുന്നത്. ഇതിനായി ഗ്രാമപഞ്ചായത്ത് ഫണ്ടും പൊതുജനങ്ങളിൽനിന്ന് ശേഖരിക്കുന്ന തുകയും ഉപയോഗപ്പെടുത്തുന്നുണ്ട്. ലക്ഷം വീടുകളുടെ നവീകരണം പൂർത്തിയാക്കി പദ്ധതിയുടെ പേരും മാറ്റും. പന്നിക്കോടാണ് ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഒരുക്കുന്നത്. യാത്രക്കാർക്ക് വിശ്രമകേന്ദ്രം, ശൗചാലയം, അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യം തുടങ്ങിയവ ഇവിടെ ഉണ്ടാവും. ശനിയാഴ്ച രാവിലെ 11നാണ് ചടങ്ങ്. വരും വർഷങ്ങളിലും കൂടുതൽ വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി. വാർത്തസമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, സ്ഥിരം സമിതി അംഗങ്ങളായ ആയിഷ ചേലപുറത്ത്, ദിവ്യ ഷിബു, എം.ടി. റിയാസ്, 14ാം വാർഡ് അംഗം കെ.ജി. സീനത്ത് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.