ഗുണനിലവാരം കുറഞ്ഞ മത്സ്യവിൽപന വ്യാപകം; പരിശോധന പേരിനുമാത്രമെന്ന് ആക്ഷേപം

വടകര: ഗുണനിലവാരം കുറഞ്ഞ മത്സ്യങ്ങൾ വിപണിയിൽ വിൽപന നടത്തുന്നതായി പരാതിയിൽ അധികൃതരുടെ പരിശോധന പേരിലൊതുങ്ങുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ പുതിയ മത്സ്യമാണെന്ന് കരുതി ഉപഭോക്താക്കൾ വീട്ടിൽ പാചകത്തിന് തയാറെടുക്കുമ്പോഴാണ് വഞ്ചിതരായ കാര്യം അറിയുന്നത്. ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ ചേർത്താൽ മത്സ്യം കൂടുതൽ ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും. എന്നാൽ, ഇവ പരിശോധിക്കേണ്ട ഫിഷറീസ് വകുപ്പും ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്മെന്റും നോക്കുകുത്തിയായിരിക്കുകയാണ്. പരിശോധന ഇല്ലാത്തതാണ് ഇത്തരം മത്സ്യവ്യാപാരികൾക്ക് പ്രോത്സാഹനമാകുന്നത്. നഗരപരിധിയിലെ മത്സ്യ മാർക്കറ്റുകൾ അല്ലാത്ത സ്ഥലങ്ങളിലാണ് ഇത്തരം വ്യാപാരം പൊടിപൊടിക്കുന്നത്. അനധികൃത മത്സ്യ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ നഗരസഭ അധികൃതരും തയാറാകുന്നില്ല. ഫുഡ് ആൻഡ് സേഫ്റ്റിക്ക് മൊബൈൽ ലാബ് അടക്കമുള്ള പരിശോധന സംവിധാനം നിലവിലുണ്ട്. ഫിഷറീസ് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് സംയുക്ത പരിശോധനയും നടത്താമെന്നിരിക്കെ അടുത്ത കാലത്തൊന്നും ഇത്തരം പരിശോധനകൾ വടകരയിൽ നടത്തിയിട്ടില്ല. ചോമ്പാൽ ഹാർബറിൽനിന്നടക്കം പുതിയ മത്സ്യങ്ങൾ വടകരക്ക് പുറത്തേക്ക് കയറ്റിപ്പോകുമ്പോൾ ഇതര സംസ്ഥാനങ്ങളിൽനിന്നടക്കമുള്ള ദിവസങ്ങൾ പഴക്കമുള്ള മത്സ്യങ്ങളാണ് വിപണി കൈയടക്കുന്നതെന്ന ആരോപണം ശക്തമായിരിക്കുകയാണ്. മത്സ്യങ്ങളുടെ ഗുണ പരിശോധന നടത്തിയാൽ മാത്രമേ വിൽപന ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുകയുള്ളൂ. ഫിഷറീസും, ഫുഡ് ആൻഡ് സേഫ്റ്റിയും ചേർന്ന് സംയുക്ത പരിശോധന നടത്താറുണ്ടെന്നും മലയോര ഭാഗങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും ഫിഷറീസ് ഓഫിസർ ദിൽന പറഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം മത്സ്യവിൽപനയെപ്പറ്റി നിരവധി പരാതികൾ ലഭിച്ചതായും അടുത്ത ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.