മാമ്പുഴയോരത്ത് വ്യാപക വയൽ നികത്തൽ

പന്തീരാങ്കാവ്: മാമ്പുഴയോടുചേർന്ന വയലുകളിൽ വ്യാപകമായി മണ്ണിട്ട് നികത്തുന്നതായി പരാതി. പയ്യടിമേത്തൽ പന്തീരാങ്കാവ് റോഡിനോടുചേർന്ന് അത്തുളിതാഴത്താണ് അര ഡസനോളം വയൽ പ്രദേശങ്ങൾ നികത്തുന്നത്. മാമ്പുഴയുടെ നീർച്ചാലുകളാണ് നികത്തുന്നവയെല്ലാം. ഇത് പുഴയുടെ നിലനിൽപിനുതന്നെ ഭീഷണിയാവുമെന്നതിനാൽ നാട്ടുകാരുടെ പ്രതിഷേധമുയരുന്നുണ്ട്. കഴിഞ്ഞ ദിവസം റവന്യൂ അധികൃതർ മണ്ണിടലിനെതിരെ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ഈ സ്ഥലങ്ങളിൽ തന്നെയാണ് നിരന്തരം നികത്തൽ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മണ്ണിട്ടുനികത്തി വലിയ തെങ്ങിൻ തൈകൾ പിഴുത് കൊണ്ടുവന്ന് നടുകയാണ് ചെയ്യുന്നത്. പിന്നീട് ഭൂമിയുടെ തരം മാറ്റാനാവശ്യമായ രീതിയിൽ വയലുകൾ പറമ്പുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. വലിയ രീതിയിൽ വെള്ളക്കെട്ടിനും പുഴയിലേക്കുള്ള നീരൊഴുക്ക് നിലക്കാനുമിടയാക്കുന്ന അനധികൃത നികത്തൽ ഉടൻ തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.