വീട്ടിലെത്തിയിട്ടും റഫ്നക്ക് ഭീതി മാറിയിട്ടില്ല

ബാലുശ്ശേരി: വീട്ടിലെത്തിയിട്ടും യുദ്ധഭൂമിയിലെ സ്ഫോടനശബ്ദം റഫ്നയെ പേടിപ്പെടുത്തുന്നു. യുക്രെയ്ൻ ഖാർകിവിലെ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനി ബാലുശ്ശേരി എരമംഗലം പറമ്പിൽ ഹമീദിന്റെ മകൾ റഫ്നക്ക് യുദ്ധമുഖത്തെ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഭീതിനിറഞ്ഞ അന്തരീക്ഷത്തിലൂടെയാണ് ദിവസങ്ങൾ തള്ളിനീക്കിയതെന്നാണ് റഫ്ന പറയുന്നത്. ശനിയാഴ്ചയാണ് റഫ്ന നാട്ടിലെത്തിയത്. ഓപറേഷൻ ഗംഗ ദൗത്യത്തിന്റെ ഭാഗമായി ഹംഗറിയിൽനിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിലാണ് ഡൽഹിയിലെത്തിയത്. യുദ്ധഭൂമിയായി മാറിയ ഖാർകിവിൽനിന്ന് അതിർത്തി രാജ്യമായ ഹംഗറിയിലെത്തിപ്പെടുന്നതുവരെയുള്ള ദുരിതാനുഭവങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണ്. കൂട്ടുകാരായ കൂട്ടാലിട അവിടനല്ലൂർ സ്വദേശി ആതിരയും കൊച്ചി സ്വദേശി അമലയും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ഖാർകിവിൽ യുദ്ധം തുടങ്ങിയതിന് തൊട്ടടുത്ത ദിവസംതന്നെ അപകട സൈറൺ മുഴക്കി ഭൂഗർഭ ബങ്കറിലേക്ക് മാറാനുള്ള നിർദേശം കിട്ടിയിരുന്നു. താമസിച്ച അപ്പാർട്മെന്റിന്റെ ബങ്കറിൽ അഞ്ചു ദിവസം കഴിച്ചുകൂട്ടി. തൊട്ടടുത്തുതന്നെയായിരുന്നു അപ്പാർട്മെന്റെങ്കിലും അവിടേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഏതു നിമിഷവും ഷെല്ലാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നു. താമസിച്ച മുറിയിൽനിന്ന് അൽപം കുപ്പിവെള്ളവും ലഘുഭക്ഷണവും ചുമലിൽ തൂക്കാവുന്ന ബാഗിൽ നിറച്ച വസ്ത്രങ്ങളും മാത്രമായിരുന്നു എടുത്തത്. ബാക്കിയെല്ലാം അവിടെതന്നെ ഉപേക്ഷിക്കുകയായിരുന്നു. ബങ്കറിനു പുറത്ത് ഇടക്കിടെ സ്‌ഫോടനശബ്ദം കേൾക്കാമായിരുന്നു. ഖാർകിവിൽനിന്ന് യുക്രെയ്നിന്റെ പടിഞ്ഞാറൻ അതിർത്തി വഴി ഹംഗറിയിലെത്തുക എന്നത് ജീവന്മരണ യാത്രയാണെന്ന് തുടക്കത്തിൽ അറിയില്ലായിരുന്നു. വെല്ലുവിളിയോടെ രണ്ടും കൽപിച്ചുള്ള യാത്രക്ക് മൂന്നുപേരും തയാറാകുകയായിരുന്നു. ഖാർകിവിലെ റെയിൽവേ സ്റ്റേഷനിൽ എത്തണമെങ്കിൽ ടാക്സി വിളിക്കണം. അതിനുള്ള പണം പോലും ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല. ഈ സമയത്ത് ദൈവദൂതനെപ്പോലെയാണ് അവിടത്തെ നാട്ടുകാരിലൊരാൾ സഹായഹസ്തം നീട്ടിയത്. അദ്ദേഹം തന്ന 800 രൂപകൊണ്ട് ടാക്സി വിളിച്ചാണ് ഞങ്ങൾ മൂന്നുപേരും റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവിടെവെച്ചാണ് സഹപാഠിയായ നവീൻ ഷെല്ലാക്രമണത്തിൽ മരിച്ച വിവരം അറിയുന്നത്. അതോടെ ഭയം കൂടി. 17 മണിക്കൂർ യാത്രചെയ്താലേ ഹംഗറിയുടെ അതിർത്തിയിലെത്തുകയുള്ളൂ. വഴിമധ്യേയുള്ള അപകടം കണക്കിലെടുത്ത് ട്രെയിൻ സാവധാനത്തിലാണ് സഞ്ചരിച്ചത്. ട്രെയിനിൽ ലൈറ്റണച്ച് കർട്ടൻ താഴ്ത്തി കിടക്കണമെന്ന നിർദേശവും വന്നതോടെ ഏതുനിമിഷവും അപകടസാധ്യതയുണ്ടാകുമെന്ന ഭയവും ഞങ്ങൾക്കുണ്ടായി. യുക്രെയ്നിന്റെ പടിഞ്ഞാറൻ അതിർത്തിയായ ലീവിൽ എത്തുമ്പോൾ അർധരാത്രിയായിരുന്നു. ഇവിടെനിന്നു മറ്റൊരു ട്രെയിനിൽ ഉസ് ഹരോതിലേക്കായിരുന്നു അടുത്ത യാത്ര. അതിർത്തിയിലെ പോച്ച് റെയിൽവേ സ്റ്റേഷനിൽനിന്ന് ഹംഗറിയുടെ അതിർത്തിയായ സോഹാനിയിലേക്ക്. അവിടെനിന്ന് ബുഡപെസ്റ്റിൽ എത്തിയതോടെയാണ് അൽപം ആശ്വാസമായത്. ഹംഗറിയിൽ എത്തിയതോടെ സന്നദ്ധ പ്രവർത്തകരുടെ സഹായങ്ങൾ വേണ്ടുവോളം ഉണ്ടായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ വിമാനം കണ്ടതോടെ ആശ്വാസവും ആത്മവിശ്വാസവും തിരിച്ചുകിട്ടി. ഡൽഹിയിൽ കേരള ഹൗസിൽ എത്തിയപ്പോൾ സംസ്ഥാന വനംമന്ത്രി എ.കെ. ശശീന്ദ്രനും സ്വീകരിക്കാനുണ്ടായിരുന്നു. അവിടെനിന്നു നെടുമ്പാശ്ശേരി വഴി നാട്ടിലെത്തിയത് കെ.എസ്.ആർ.ടി സിയുടെ പ്രത്യേക വോൾവോ ബസിലും. വീട്ടിലെത്തിയപ്പോൾ വല്യുപ്പയും വല്യുമ്മയും സഹോദരൻ മിറാഷും ആശ്വാസം പകർന്നു. തുടർപഠനത്തിന് എന്തെങ്കിലും സാധ്യത തെളിയുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് റഫ്ന. അപകടരഹിതമായി നാട്ടിലെത്താൻ കഴിഞ്ഞതിൽ ദൈവത്തിനോടാണ് നന്ദി പറയേണ്ടത്, ഒപ്പം കുടുംബാംഗങ്ങളോടും. ആശ്വാസം പകരാനായി ബാപ്പ ഹമീദും ഉമ്മ സുഹറയും അടുത്ത ദിവസംതന്നെ ദുബൈയിൽ നിന്നുമെത്തുമെന്നറിയിച്ചിട്ടുണ്ട്. അതിന്റെ കാത്തിരിപ്പിലാണ് റഫ്ന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.