എരവട്ടൂരിൽ തെരുവ് നായ്ക്കൾ അഞ്ച് ആടുകളെ കടിച്ചു കൊന്നു

എരവട്ടൂരിൽ തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു പേരാമ്പ്ര: തെരുവുനായ്ക്കളുടെ കടിയേറ്റ് എരവട്ടൂർ ആനേരിക്കുന്ന് ഭാഗത്ത് അഞ്ച് വളര്‍ത്തുമൃഗങ്ങള്‍ ചത്തു. പേരാമ്പ്ര പഞ്ചായത്തിലെ 17ാം വാർഡിലെ പുതുക്കെ പുറത്ത് മീത്തൽ മീനാക്ഷിയുടെ മൂന്ന് ആടും മൂരുക്കണ്ടി മീത്തൽ മറിയത്തിന്റെ രണ്ടാടിനെയുമാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. ഇതിൽ മറിയത്തിന്റെ ഒരാട് പൂർണ ഗർഭിണിയായിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ടു മീറ്റർ ഉയരത്തിൽ വീടിനോട് ചേർന്ന് നിർമിച്ച കൂടിന്റെ വാതിൽ കടിച്ചുപൊളിച്ചാണ് നായ്ക്കൾ കൂട്ടത്തോടെ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നത്. 40,000 രൂപയോളം വിലവരുന്ന ആടുകളെയാണ് രണ്ടു പേർക്കും കൂടി നഷ്ടപ്പെട്ടത്. എരവട്ടൂർ ടൗണിലും മറ്റ് സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ആനേരിക്കുന്ന്, കൈയ്യേലി, നാരായണ വിലാസം സ്കൂൾ പരിസരം, നരിക്കിലാപുഴ, കണ്ണോത്ത്ക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നത് ജനങ്ങൾക്ക് ഭീഷണിയാകുകയാണ്. രാത്രികാലങ്ങളിലും രാവിലെയും പ്രധാന റോഡുകളിലെത്തുന്നവരാണ് ഇതുമൂലം ഏറെ വലയുന്നത്. സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നായ്ക്കളുടെ ഭീഷണിയിലാണ്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് സംഭവസ്ഥലം സന്ദർശിച്ചു. പേരാമ്പ്ര സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടർ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. തെരുവുനായുടെ കടിയേറ്റ് വളർത്തുമൃഗങ്ങൾ ചത്തതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ഉപജീവനമാര്‍ഗമായ വളര്‍ത്തുമൃഗങ്ങള്‍ ചത്തതോടെ കുടുംബങ്ങള്‍ക്കുണ്ടായ സമ്പത്തികപ്രയാസം പരിഹരിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും ചേർന്ന് ധനസഹായം നല്‍കണമെന്ന് സി.പി.എം എരവട്ടൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി കെ. വനജ അധികൃതരോട് ആവശ്യപ്പെട്ടു. Photo: എരവട്ടൂരിൽ തെരുവുനായ്ക്കൾ കടിച്ചുകൊന്ന ആടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.