നീന്തല്‍ പരിശീലനം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം -ബാലാവകാശ കമീഷന്‍

കോഴിക്കോട്​: നീന്തല്‍ പരിശീലനം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിർദേശിച്ച് ബാലാവകാശ കമീഷന്‍ ഉത്തരവായി. മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണം. കുട്ടികള്‍ പുഴകളിലോ തടാകത്തിലോ കിണറുകളിലോ വീണ് ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാർഗരേഖ പുറപ്പെടുവിക്കുന്നതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്ന്​ കമീഷൻ വിലയിരുത്തി. ഉപയോഗശൂന്യമായ പൊതുകിണറുകള്‍ നികത്താനും പൊതുസ്ഥലത്തെ കിണറുകള്‍ക്ക് ഭിത്തി നിർമിക്കാനും കുളങ്ങള്‍ സുരക്ഷിതമാക്കാനും നടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നല്‍കിയാണ് കമീഷന്‍ അംഗം കെ. നസീര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികളെ സുരക്ഷിതരാക്കാന്‍ മാർഗരേഖ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷക് പദ്ധതിയുടെ കേരള അംബാസഡര്‍ അമല്‍ സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമീഷന്‍റെ ഉത്തരവ്. സ്വകാര്യവ്യക്തികളുടെ കുളങ്ങളും തടാകങ്ങളും സംരക്ഷണ മതിലോ കമ്പിവേലിയോ കെട്ടി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം സ്ഥല ഉടമകള്‍ക്കായിരിക്കും. വീടുകള്‍ക്കകത്തോ വീടുമായി ബന്ധപ്പെട്ടോ നിർമിക്കുന്ന നീന്തല്‍ക്കുളങ്ങള്‍ക്കും ജലസംഭരണികള്‍ക്കും സംരക്ഷണ വേലിയോ മറ്റു സുരക്ഷാമാർഗമോ ഏര്‍പ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യം ഉറപ്പാക്കണം. ഇതിനാവശ്യമായ വ്യവസ്ഥകള്‍ 2019ലെ കേരള പഞ്ചായത്ത് കെട്ടിട ചട്ടത്തിലും മുനിസിപ്പാലിറ്റി ചട്ടത്തിലും ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയും നഗരകാര്യം, പഞ്ചായത്ത് ഡയറക്ടര്‍മാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് നിർദേശിച്ച് ഉത്തരവ് പുറപ്പെടുവിക്കാനും ബാലാവകാശ കമീഷന്‍ നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT