വയൽമണ്ണിട്ട് നികത്തുന്നതിനെതിരെ പരാതി

മാവൂർ: ചെറൂപ്പ വളയന്നൂരിൽ മോഴിപുറത്തുതാഴം വയൽ സ്വകാര്യവ്യക്തി മണ്ണിട്ട് നികത്തുന്നുവെന്ന് പരാതി. വളയന്നൂർ മോഴിപുറത്ത് താഴത്തെ കർഷകർ ചേർന്ന് രൂപവത്കരിച്ച നെൽവയൽ സംരക്ഷണ സമിതിയാണ് അധികൃതർക്ക് പരാതി നൽകിയത്. പരാതിയെ തുടർന്ന് വ്യാഴാഴ്ച മാവൂർ പൊലീസ് സ്ഥലത്തെത്തി മതിൽ നിർമാണ ജോലി തടഞ്ഞു. വയലിൽ ചെങ്കല്ല് ഉപയോഗിച്ച് മതിൽ കെട്ടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ വിവരം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് പ്രവൃത്തി നിർത്തിവെക്കാൻ മാവൂർ വില്ലേജ് ഓഫിസർ നിർദേശം നൽകി. എന്നാൽ, ഇത് വകവെക്കാതെ പ്രവൃത്തി തുടരുകയാണെന്ന് സമിതി നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ, വയലിൽ മണ്ണ് നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. വളയന്നൂർ വയലിലെ വെള്ളം ചെറുപുഴയിലേക്ക് ഒഴുകിപ്പോകുന്നത് ഇതുവഴിയാണ്. ഇതുമൂലം ഹെക്ടർ കണക്കിന് വയലിലെ കൃഷി നശിക്കാൻ ഇടവരുമെന്നും പരാതിയിൽ പറയുന്നു. മാവൂർ പൊലീസ്, വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർക്കാണ് പരാതി നൽകിയത്. ആർ.ഡി.ഒ, കലക്ടർ തുടങ്ങിയവർക്കും പരാതി നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.