കോഴിക്കോട്: ‘കാലിൽ എന്തോ ഒന്ന് ഇങ്ങനെ ചുറ്റി നിൽക്കും പോലെ തോന്നി. മൊബൈൽ ഫ്ലാഷ് ജസ്റ്റ് ഒന്ന് ഓൺ ആക്കി പുതപ്പ് മാറ്റി നോക്കിയപ്പോൾ പാമ്പ്. ഉടനെ കാൽ കുടഞ്ഞു...’ -പറയുമ്പോൾ പൂനൂർ സ്വദേശി മുഹമ്മദ് അൻസാറി(22)ന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
വിഷമുള്ള പാമ്പ് തന്നെയാണ് കടിച്ചതെന്നും എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും അൻസാർ പറഞ്ഞു. ‘രാത്രി ഞാൻ കിടന്നുറങ്ങിയായിരുന്നു. ഒരു 11 മണി ഒക്കെ ആയപ്പോൾ കിടന്നതാണ്. ഒരു രണ്ടു മണി ആയപ്പോൾ എനിക്കൊരു കോൾ വന്നു. കോൾ എടുത്ത സമയത്ത് കാലിൽ എന്തോ ഒന്ന് ഇങ്ങനെ ചുറ്റി നിൽക്കും പോലെ തോന്നി. അപ്പോൾ ജസ്റ്റ് ഒന്ന് ഫ്ലാഷ് ഓൺ ആക്കി പുതപ്പ് മാറ്റി നോക്കിയപ്പോൾ പാമ്പ്. ഉടൻ കാൽ കുടഞ്ഞു. പക്ഷേ ഇത് കൊത്തിയോ കൊത്തിയില്ലേ എന്ന് ഒരു സംശയം. അങ്ങനെ അയൽവാസികളൊക്കെ വന്ന് പാമ്പിനെ തല്ലിക്കൊന്നു. ഇത് കൊത്തിയാൽ അറിയില്ലെന്ന് പറഞ്ഞു. അങ്ങനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പോയപ്പോൾ അവിടുന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. ഇവിടെ നോക്കിയപ്പോൾ ടെസ്റ്റിലൊന്നും വലിയ കുഴപ്പമില്ല. അതുകൊണ്ട് രക്ഷപ്പെട്ടു’ -അൻസാർ പറഞ്ഞു.
സംസ്ഥാനത്ത് ഇന്നലെമാത്രം പാമ്പ് കടിയേറ്റ 32 പേരെയാണ് 108 ആംബുലൻസുകൾ ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ 23 കേസുകൾ പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചു. ഒമ്പത് പേരെ പാമ്പ് കടിയേറ്റുവെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിൽ നാലുപേരെ വീതമാണ് പാമ്പുകടി സ്ഥിരീകരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലത്ത് മൂന്നുപേർക്കും പത്തനംതിട്ടയിൽ രണ്ടുപേർക്കും എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾക്ക് വീതവും കടിയേറ്റു.
ഇതുകൂടാതെ കൊല്ലം, കോഴിക്കോട് രണ്ടുപേരെ വീതം പാമ്പുകടിയേറ്റുവെന്ന സംശയത്തിൽ ആശുപത്രിയിൽ എത്തിച്ചു. കണ്ണൂർ, മലപ്പുറം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ഓരോരുത്തരെ വീതവും സംശയാസ്പദ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു.
ഇന്നലെ രണ്ട് വയോധികർ കൂടി മരിച്ചതോടെ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം ഏഴായി. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ നഫീസ (70), ഇടുക്കി കാഞ്ഞാർ സ്വദേശിനി വിശാലാക്ഷി (75) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. വീടിന് സമീപം പാമ്പുകടിയേറ്റ് അബോധാവസ്ഥയിൽ വീണുകിടന്ന നഫീസയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. ശംഖുവരയനാണ് കടിച്ചതെന്നാണ് സംശയം. ഞായറാഴ്ച ഉച്ചയോടെ വീടിന് സമീപമാണ് നിൽക്കുമ്പോഴായിരുന്നു വിശാലാക്ഷിക്ക് പാമ്പുകടിയേറ്റത്.
തൃശൂരിലെ അൽജോ (8), തിരുവനന്തപുരം ചിറയിൻകീഴിൽ ദിക്ഷൽ (8), ആലപ്പുഴയിലെ സലീന (42), കുട്ടനാട് വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര (65) എന്നിവരാണ് കഴിഞ്ഞദിവസങ്ങളിൽ പാമ്പുകടിയേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.