കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നശേഷം ആദ്യമായി ചേർന്ന ജില്ല പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ മഞ്ഞപ്പിത്ത വ്യാപനത്തിനും ജലജന്യരോഗ വ്യാപനത്തിനുമെതിരെ ഊർജിത നടപടികൾ കൈക്കൊള്ളാൻ തീരുമാനം. 45 ദിവസംവരെ രോഗലക്ഷണം നീണ്ടുനിൽക്കുന്ന മഞ്ഞപ്പിത്തമെന്ന ഹെപ്പറ്റൈറ്റിസ് ‘എ’ക്കെതിരെ കർശന നടപടികൾക്കൊണ്ടില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ആരോഗ്യമേഖലയിൽ ജില്ല നേരിടേണ്ടി വരുമെന്ന ആരോഗ്യവകുപ്പിന്റെ കർശന മുന്നറിയിപ്പിനെത്തുടർന്നാണ് ജില്ല പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പദ്ധതികൾ ആസൂത്രണം ചെയ്യാനും തുടർനടപടികൾ സ്വീകരിക്കാനും തീരുമാനമായത്.
മൂന്നാഴ്ചക്കുള്ളിൽ രണ്ടു മരണം ജില്ലയിൽ റിപ്പോർട്ട് ചെയ്തതായി ജില്ല പഞ്ചായത്ത് യോഗത്തിൽ സംസാരിച്ച ആർദ്രം മിഷൻ നോഡൽ ഓഫിസർ ഡോ. അഖിലേഷ് കുമാർ പറഞ്ഞു. 20-40 വയസ്സിനുള്ളിലുള്ളവരിലാണ് മരണനിരക്ക് കൂടുന്നത്. 45 ദിവസം വരെ ലക്ഷണം നീണ്ടുനിൽക്കുന്ന രോഗത്തെ പ്രതിരോധിക്കുക അത്ര എളുപ്പമല്ലെന്നും കൂട്ടായ പ്രവർത്തനവും ബോധവത്കരണവും അനിവാര്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ശുചിമുറികളിൽ തന്നെ സോപ്പ് വച്ച് കൈകൾ ശുചിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുകിണറുകളും ജലാശയങ്ങളും സൂപ്പർ ക്ലോറിനേഷൻ നടത്തണം. ജലജന്യരോഗം വന്നാൽ സ്വയം ചികിത്സ നടത്തരുത്. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പുമായി ചേർന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരെ ഉൾപ്പെടുത്തി അടിയന്തര യോഗം നടത്തും. പഞ്ചായത്ത് അടിസ്ഥാനത്തിൽ മാസത്തിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കും. മേയ് രണ്ടിനു രാവിലെ ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ ജില്ല പഞ്ചായത്ത് കാര്യാലയത്തിലും പരിസരത്തും മെഗാ ശുചീകരണം നടത്താനും തീരുമാനിച്ചു.
ജില്ല പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്തുന്നതിനു ലഭിച്ച അപേക്ഷകൾ പരിശോധിച്ചു തുടർ നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. അപേക്ഷകൾ പരിശോധിച്ച ശേഷം ഉൾപ്പെടുത്തിയാലും നിരസിച്ചാലും പഞ്ചായത്തുകളെ അറിയിക്കണമെന്നു പി.ജി. മുഹമ്മദ് ആവശ്യപ്പെട്ടു. വ്യവസായ സംരഭങ്ങൾക്ക് ഭൂമി അലോട്ട് ചെയ്യുമ്പോൾ അതിൽ ഒരു നിശ്ചിത ശതമാനം പ്രവാസികൾക്കായി സംവരണം ചെയ്യുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നിർവഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.
ക്ഷയരോഗം ഫലപ്രദമായി നിയന്ത്രിക്കാനും ഇല്ലാതാക്കാനും നടപ്പാക്കുന്ന നാഷനൽ ട്യൂബർ കലോസിസ് എലിമിനേഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ആയുർവേദ, ഹോമിയോ, അലോപ്പതി ഡി.എം.ഒമാർ, എൻ.എച്ച്.എം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ എന്നിവരെ ഉൾപ്പെടുത്തി ഏപ്രിൽ 29ന് ഉച്ചക്ക് 2.30ന് യോഗം വിളിക്കും. പ്രസിഡന്റ് മില്ലി മോഹൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ മുനീർ എരവത്ത്, റീമ കുന്നുമ്മൽ, പി. ബൽക്കീസ്, കെ. ബാലാമണി, സെക്രട്ടറി വി.കെ. മുരളി, അംഗങ്ങളായ കെ.കെ. ദിനേശൻ, ഇ. അനൂപ്, രാധിക ചിറയിൽ, ആർ. ഷഹിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.