ഓട നിർമാണവും നടപ്പാത നവീകരണവും നീളുന്നു; വ്യാപാരികളും നാട്ടുകാരും ദുരിതത്തിൽ

അരീക്കാട്: കച്ചവടക്കാരെയും, നാട്ടുകാരെയും വാഹന യാത്രികരെയും ദുരിതത്തിലാക്കി മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്ന ഓട നിർമാണവും നടപ്പാത നിർമാണവും മീഞ്ചന്ത, അരീക്കാട്, മോഡേൺ തുടങ്ങിയ പ്രദേശവാസികൾക്ക് ദുരിതമായി. ഇക്കാരണത്താൽ പന്നിയങ്കര മുതൽ മോഡേൺ ബസാർവരെയും മാങ്കാവ് മുതൽ മീഞ്ചന്ത ബൈപാസിലും വാഹനങ്ങൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. സാധാരണ മീഞ്ചന്തയിലും അരീക്കാട്ടും രാവിലെയും വൈകുന്നേരങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെടാറുണ്ട്. എന്നാൽ ഒച്ചിഴയുന്ന രീതിയിൽ നടക്കുന്ന നടപ്പാത നിർമാണം മുഴുസമയവും ഇവിടങ്ങളിൽ ഗതാഗത തടസ്സം നേരിടുകയാണ്. കടകളിലേക്ക് ആളുകൾക്ക് വരാനോ പാതയോരത്തേക്ക് വാഹനങ്ങൾ കയറ്റി നിർത്താനോ സാധിക്കുന്നില്ല. മാസങ്ങളായി വ്യാപാരം മുരടിച്ചിരിക്കുകയാണ്. ഇക്കാര്യം കരാറുകാരോട് പരാതിപ്പെട്ടാൽ തട്ടിക്കയറുന്ന അവസ്ഥയാണെന്ന് കച്ചവടക്കാർ പറഞ്ഞു. ഒട്ടുമിക്ക ഭാഗങ്ങളിലും ഓട നിർമാണത്തിന് ബദൽ സംവിധാനം പോലും കാണാതെയാണ് പൊളിച്ചിട്ടിരിക്കുന്നത്. ഇത് കാരണം വാഹനങ്ങൾക്കോ നാട്ടുകാർക്കോ വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. റോഡ് പണിയുടെ ബോർഡോ സുരക്ഷ കവചമോ ഇല്ലാതെയാണ് നിർമാണം. പകലും രാത്രിയും കാൽനടക്കാർ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. കോവിഡ് കാലത്ത് നടപ്പാത നിർമാണത്തിൽ കരാറുകാർ കാണിക്കുന്ന ദുരിതം കാരണം കച്ചവടത്തെയും ഏറെ ബാധിച്ചിരിക്കുകയാണ്. അടിയന്തരമായി അധികൃതർ പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.