കായികമുന്നേറ്റത്തിന് പുത്തൻ പദ്ധതിയുമായി മാവൂർ സ്കൂൾ

മാവൂർ: വിദ്യാർഥികളിലെ കായിക അഭിരുചി കണ്ടെത്തി വളർത്താനും വളർന്നുവരുന്ന കായികതാരങ്ങളെ കണ്ടെത്താനുമായി പുത്തൻ പദ്ധതിയുമായി മാവൂർ ജി.എച്ച്.എസ്.എസ്. 'ടേക് ഓഫ്' എന്ന പേരിട്ട പരിശീലനത്തിൽ ഏത് സ്കൂളിലെ കുട്ടികൾക്കും പങ്കെടുക്കാം. അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പരിശീലനം. വോളിബാൾ, ഹോക്കി, ഫുട്ബാൾ, നീന്തൽ, കബഡി, അത്ലറ്റിക്സ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. മാവൂർ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ഒഴിവുസമയങ്ങളിലും ഒഴിവുദിവസങ്ങളിലുമായിരിക്കും പരിശീലനം. കുട്ടിക്ക് ഏത് ഇനത്തിലാണ് അഭിരുചിയും കഴിവുമെന്ന് കണ്ടെത്താൻ എല്ലാ ഇനങ്ങളിലും ട്രയൽ നടത്തും. തുടർന്ന് ​െതരഞ്ഞെടുത്ത ഇനത്തിൽ വിദഗ്ധ പരിശീലനം നൽകും. സ്കൂളിലെ കായിക അധ്യാപകൻ കെ. ബൈജുവിന്‍റെ നേതൃത്വത്തിലാണ് പരിശീലനം തുടങ്ങുന്നത്. തുടർന്ന് വിദഗ്ധ പരിശീലകരെ എത്തിച്ച് പരിശീലിപ്പിക്കും. സ്കൂൾ തല മത്സരത്തിനുപുറമെ, മറ്റു വിവിധ തല മത്സരങ്ങളിലും പങ്കെടുക്കാനാകുന്നവിധം പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. തുടർന്ന്, ഭാവിയിലെ മികവാർന്ന കായികതാരമായി വളർത്തിയെടുക്കുകയാണ് ഉദ്ദേശ്യം. സമീപ പഞ്ചായത്തുകളിൽനിന്നുള്ള കുട്ടികൾക്കടക്കം പരിശീലനം നൽകും. പ്രാഥമിക സെലക്​ഷൻ ട്രയൽസിൽ സമീപ പഞ്ചായത്തുകളിൽനിന്നുവരെ കുട്ടികളെത്തി. ഫുട്ബാൾ പരിശീലനം തുടങ്ങിയിട്ടുണ്ട്. തുടർന്ന് മറ്റ് ഇനങ്ങളിലും അടുത്ത ദിവസം പരിശീലനം തുടങ്ങും. തികച്ചും സൗജന്യമായാണ് പരിശീലനം നൽകുക. സെലക്​ഷൻ ട്രയൽസിനെത്തിയവരെ പ്രഥമാധ്യാപിക യു.വി. ശ്രീലത, പ്രിൻസിപ്പൽ ടി.എം. ശൈലജദേവി, പി.ടി.എ പ്രസിഡന്‍റ്​ സുരേഷ് എന്നിവർ പരിചയപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.