ബീച്ചിലെ നാടോടി കച്ചവടക്കാരെ ഒഴിപ്പിച്ചു

കോഴിക്കോട്: ബീച്ചിൽ ബലൂൺ കച്ചവടം ഉൾപ്പെടെ നടത്തുന്ന നാടോടി കുടുംബങ്ങളെ ജില്ല ഭരണകൂടത്തി​ന്‍റെ നിർദേശപ്രകാരം ഒഴിപ്പിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി, ചൈൽഡ് ലൈൻ, കോർപറേഷൻ ആരോഗ്യ വിഭാഗം, തൊഴിൽ വകുപ്പ്, ചൈൽഡ് പൊലീസ് വിങ്, ആന്‍റി ഹ്യൂമൻ ട്രാഫിക്കിങ് വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു നടപടി. കച്ചവടത്തി​ന്‍റെ മറവിൽ കൊച്ചു കുട്ടികളെ കൊണ്ട് ഭിക്ഷാടനം നടത്തുന്നതായും ബാലവേലക്ക് വിധേയരാക്കുന്നതായും വ്യാപക പരാതി ഉയർന്നതി​ന്‍റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ. തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുകയും ബാലവേലയും ബാലഭിക്ഷാടനവും അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ താക്കീത് നൽകി. കച്ചവട സാധനങ്ങൾ കോർപറേഷ‍​ന്‍റെ വാഹനത്തിൽ കയറ്റി കൊണ്ടുപോകാനുള്ള അധികൃതരുടെ ശ്രമം തൊഴിലാളികൾ ചെറുത്തു. ചിലർ ഉദ്യോഗസ്ഥരെ കണ്ടതോടെ സാധനങ്ങളെടുത്ത് ഓടിപ്പോയി. സ്ഥിര താമസ സ്ഥലം ഇല്ലാത്തതിനാൽ ബീച്ചിലെ വിവിധ സ്ഥലങ്ങളിലാണ് തൊഴിലാളികൾ താമസിക്കുന്നത്. എന്നാൽ, മലമൂത്രവിസർജനം നടത്തി ഇവർ ഇവിടം മലിനമാക്കുന്നുണ്ട്. തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും എന്നാൽ, ബാലഭിക്ഷാടനവും ബാലവേലയും എതിർക്കുമെന്നുമാണ് അധികൃതർ പറയുന്നത്. മുമ്പ് പലതവണ തൊഴിലാളികളെ ബോധവത്കരണം നടത്താൻ ശ്രമിക്കുകയും പലപ്പോഴായി ഇവരെ ബീച്ച് പരിസരങ്ങളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, കുട്ടികളെ ഉപയോഗിച്ചുള്ള ബാലവേലയും ബാലഭിക്ഷാടനവും തുടർന്നു. ഇതി​ന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. അസി. ലേബർ ഓഫിസർ മിനി ജോസഫ്, ചൈൽഡ് ലൈൻ അംഗം ആർ. ഗോവിന്ദൻ, കോർപറേഷൻ ജെ.എച്ച്.ഐമാരായ ഇ.പി. ശൈലേഷ്, കെ.കെ. മനോജ്, ചൈൽഡ് വിങ് എസ്.ഐ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.