മൂസ ഹാജിയുടെ കൃഷിപ്പെരുമ

മൂസ ഹാജിയുടെ കൃഷിപ്പെരുമ photo: KPBA 88 മൂസ ഹാജി കൈതച്ചക്ക വിളവെടുക്കുന്നുപാലേരി: കടിയങ്ങാട് പടിഞ്ഞാറയിൽ മൂസ ഹാജിക്ക് കൃഷി ജീവിതോപാധി മാത്രമല്ല ജീവിതം തന്നെയാണ്. അതുകൊണ്ടാണ് കച്ചവടമുണ്ടായിട്ടും കൃഷിയെ കൈവിടാത്തത്. പിതാവിൽനിന്ന്​ ലഭിച്ച കാർഷിക അറിവ് ഹൃദയത്തോടു ചേർത്താണ് ഹാജി മണ്ണിലേക്ക് ഇറങ്ങിയത്. പുലർച്ച അഞ്ചു മണിയോടെ അദ്ദേഹം കാർഷിക വൃത്തിയിൽ ഏർപ്പെടും. റബർ വെട്ടുന്നതും പാല് ശേഖരിക്കുന്നതും ഷീറ്റടിക്കുന്നതുമെല്ലാം തനിച്ചു തന്നെയാണ്. റബറും തെങ്ങും കവുങ്ങും കൂടാതെ മാവ്, വാഴ, കുരുമുളക്, സപ്പോട്ട, മുട്ടപ്പഴം, പാഷൻ ഫ്രൂട്ട്, കുള്ളൻ കവുങ്ങ്, മക്കഡോമിയ, മാങ്കോസ്​റ്റിൻ, ഞാവൽ പഴം, സീതപ്പഴം, വിവിധയിനം പേരക്ക, മിറാക്ൾ ഫ്രൂട്ട്, ബട്ടർ, റംബൂട്ടാൻ, കോളിഫ്ലവർ തുടങ്ങി സ്വദേശിയും വിദേശിയുമായ ധാരാളം കൃഷികൾ മൂസ ഹാജി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം മുതൽ കൈതച്ചക്ക കൃഷിയിലും ഒരു കൈ നോക്കുകയാണ് ഹാജിയാർ. കഴിഞ്ഞ വർഷം സ്വന്തം വയലിൽ കൈതച്ചക്ക കൃഷി ഗംഭീരമായെങ്കിലും വെള്ളം കയറി പകുതിയിലേറെ നശിച്ചു. അതുകൊണ്ടൊന്നും മൂസ ഹാജി തളർന്നില്ല. പാട്ടത്തിനെടുത്ത മൂന്ന് ഏക്കർ സ്ഥലത്തുകൂടി ഒമ്പതിനായിരത്തോളം തൈകൾ നട്ടുപിടിപ്പിച്ചു. ഇത് വിളവെടുക്കാൻ പാകമായിരിക്കുകയാണ്. കൈതച്ചക്കക്ക് വൻ വിലത്തകർച്ചയാണ് ഇപ്പോൾ ഉള്ളത്. നഷ്​ടം വന്നാലും കൃഷിയിൽനിന്ന് പിന്നോട്ടില്ലെന്നു തന്നെയാണ് മൂസ ഹാജി പറയുന്നത്. കടിയങ്ങാട് പാലത്തിനു സമീപം വളരെക്കാലമായി കച്ചവടം നടത്തുന്ന ഇദ്ദേഹം കൃഷിയും കച്ചവടവുമായാണ് മുന്നോട്ടുപോകുന്നത്.ഭാര്യ ഹാജറയും മക്കളായ ഫവാസ്, അൻസൽ, ഹസീബ എന്നിവരും എല്ലാ പിന്തുണയും നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.