കോഴിക്കോട്: കോഴിക്കോട്-ബാലുശ്ശേരി റോഡിൻെറ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കം. എരഞ്ഞിപ്പാലം മുതൽ ബാലുശ്ശേരി വരെ റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 502 ഭൂവുടമകൾക്ക് വീതികൂട്ടലുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടമാകും. ന്യായമായ നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ പറയുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയും റോഡ് വികസനത്തിന് വേണ്ടി വരും. തടമ്പാട്ടുതാഴത്തെ പച്ചക്കറി വിപണനകേന്ദ്രത്തിൻെറയും കക്കോടിയിൽ ഇറിഗേഷൻ വകുപ്പിൻെറയും ഭൂമി വേണ്ടിവരും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസ് മുതൽ ആരാധനാലയങ്ങൾ വരെ മാറ്റിസ്ഥാപിക്കേണ്ടിവരും. കോഴിക്കോട്-ബാലുശ്ശേരി റോഡിന് കിഫ്ബിയിൽ ഉൾപ്പെടുത്തി 88.89 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. അതേസമയം, ഭൂമി ഏറ്റെടുക്കലിനായി 3.26 കോടി രൂപ മാത്രമാണ് അനുവദിച്ചത്. റോഡിൻെറ നിർമാണ ചുമതല റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡിനാണ്. ടെണ്ടർ നടപടിയും ഉടൻ ആരംഭിക്കും. റോഡിൻെറ അറ്റകുറ്റപ്പണികൾക്ക് ആറുകോടി രൂപ അനുവദിച്ചിരുന്നു. 15 വർഷങ്ങൾക്കുമുമ്പ് സംസ്ഥാനത്തെതന്നെ ഏറ്റവും മികച്ച പാതകളിലൊന്നായിരുന്ന കോഴിക്കോട്-ബാലുശ്ശേരി റോഡ്. ഇപ്പോൾ പലയിടത്തും തകർന്നുകിടക്കുകയാണ്. ജപ്പാൻ കുടിവെള്ള പദ്ധതിക്കായി റോഡ് കീറിയതു മുതലാണ് കഷ്ടകാലം തുടങ്ങിയത്. റോഡ് വികസനത്തിൻെറ ഭാഗമായി വീടുകളും കടകളും നഷ്ടമാകുന്നവർക്ക് പുനരധിവാസവും ഉപജീവനമാർഗവും ഉറപ്പുവരുത്തണമെന്ന് പദ്ധതിയുടെ സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ടിൽ പറയുന്നു. മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ലഭിക്കുകയാണെങ്കിൽ ഭൂമി കൈമാറാമെന്ന് ഉടമകൾ സമ്മതിച്ചതായി റവന്യൂ വകുപ്പ് അവകാശപ്പെടുന്നു. കടകളടക്കം പൊളിക്കുമ്പോൾ ജീവിതമാർഗമുണ്ടാക്കാൻ കർമപദ്ധതി തയാറാക്കണമെന്നും റവന്യൂ വകുപ്പ് നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.