പയ്യോളി: ദേശീയപാതയിൽ മൂരാട് ഓയിൽ മിൽ ബസ്സ്റ്റോപ്പിന് സമീപമുള്ള കയറ്റത്തിൽ ലോറി മറിഞ്ഞതിനെ തുടർന്ന് ഗതാഗതക്കുരുക്ക് ഒഴിവാകാൻ ഏഴുമണിക്കൂറിലധികമെടുത്തു. വ്യാഴാഴ്ച പുലർച്ച മൂന്നരയോടെ മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ജയ് ഭാരത് പാർസൽ സർവിസിൻെറ ലോഡുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. ലോറിയിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എതിർദിശയിൽനിന്നുവന്ന മറ്റൊരു വാഹനത്തെ മറികടന്ന് വരുകയായിരുന്ന കാറുമായി കൂട്ടിയിടി ഒഴിവാക്കാൻ വലതുവശത്തേക്ക് തിരിച്ചതിനെ തുടർന്ന് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ചാറ്റൽമഴയെ തുടർന്ന് ടയർ തെന്നിയത് കാരണം ലോറി റോഡിന് കുറുകെ മറിയുകയായിരുന്നു. തുടർന്ന് രാവിലെ 7.30ഓടെ ക്രെയിൻ വന്ന് ലോറി റോഡരികിലേക്ക് വലിച്ചിട്ട ശേഷമാണ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചത്. എന്നാൽ, രാവിലെ പതിനോന്നോടെ മാത്രമേ ഗതാഗതം സാധാരണ നിലയിലായുള്ളൂ. പൊതുവേ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന മൂരാട് പാലത്തിന് തൊട്ട് സമീപംതന്നെയാണ് അപകടം നടന്ന സ്ഥലവുമെന്നതുകൊണ്ട് കുരുക്ക് ഇരട്ടിയായത് ദേശീയപാത വഴിയുള്ള നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. പയ്യോളി പൊലീസും നാട്ടുകാരും ചേർന്നാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.