മാ​വൂ​ർ ഗ്വാ​ളി​യ​ർ റ​യോ​ൺ​സ് മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ സ്​​ത്രീ​ക​ൾ ന​ട​ത്തി​യ പ്ര​ക​ട​നം ന​യി​ക്കു​ന്ന സു​ഗ​ത​കു​മാ​രി

ചാലിയാറിനുവേണ്ടി നിലകൊണ്ട ടീച്ചർ

മാവൂർ: ഗ്വാളിയർ റയോൺസ് എന്ന ഗ്രാസിം സൃഷ്​ടിച്ച മലിനീകരണം സകല സീമകളും ലംഘിച്ച് രൂക്ഷമായതോടെ, ഫാക്ടറി അടച്ചുപൂട്ടി ചാലിയാറിനെയും മനുഷ്യരാശിയെയും രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രകൃതിസ്നേഹികളും നാട്ടുകാരും സമരരംഗത്തിറങ്ങിയപ്പോൾ സുഗതകുമാരി ടീച്ചറും കൂടെയുണ്ടായിരുന്നു. ചാലിയാറിനോടൊപ്പം മണ്ണും വിണ്ണും സംരക്ഷിക്കാൻ പോരാട്ടത്തിനിറങ്ങിയ സമരക്കാർക്ക് ഊർജം പകരാൻ ടീച്ചർ മുന്നിൽതന്നെ നിന്നു.
തൊഴിലിൻെറയും തൊഴിലാളികളുടെയും പ്രശ്നത്തിന് മുൻഗണന നൽകിയും ചാലിയാറിനുവേണ്ടിയുള്ള സമരത്തെ തള്ളിപ്പറഞ്ഞും രാഷ്​ട്രീയപാർട്ടികളും ട്രേഡ് യൂനിയനുകളും മറുഭാഗത്തും ഇറങ്ങിയപ്പോൾ നാട്ടുകാരും രാഷ്​ട്രീയ, സാംസ്കാരിക പ്രമുഖരും രണ്ടു ചേരികളിലായി തിരിഞ്ഞു. പ്രകൃതിക്കും ചാലിയാറിനും മനുഷ്യരാശിക്കും വേണ്ടിയുള്ള സമരത്തോടൊപ്പംതന്നെയായിരുന്നൂ സുഗതകുമാരി ടീച്ചർ.
മലിനീകരണ നിയന്ത്രണ ബോർഡിൻെറയും മറ്റും നിർദേശങ്ങളും നിയമങ്ങളും മുന്നറിയിപ്പും കാറ്റിൽപറത്തി ബിർള മാനേജ്മൻെറ് മുന്നോട്ടുപോവുകയും എല്ലാ പ്രതീക്ഷകളും നശിക്കുകയും ചെയ്തതോടെ ചാലിയാർ സമരസമിതിയുടെ നേതൃത്വത്തിൽ 1999 ജനുവരി 26ന് അന്തിമപോരാട്ടം തുടങ്ങി. ഫാക്ടറി അടച്ചുപൂട്ടുകയെന്നായിരുന്നു ആവശ്യം. റിലേ നിരാഹാര സമരത്തിൻെറ അഞ്ചാം ദിവസമാണ് ടീച്ചർ പോരാട്ടത്തിന് ഊർജം പകരാൻ മാവൂരിലെത്തിയത്.
ചാലിയാർ സമരത്തെ നഖശിഖാന്തം എതിർത്ത തൊഴിലാളികളും ട്രേഡ് യൂനിയനുകളും രാഷ്​ട്രീയ പാർട്ടികളും ടീച്ചർക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. ടീച്ചർക്കെതിരെ മുദ്രാവാക്യവുമായി സമരപ്പന്തലിനുമുന്നിൽ ഇവർ പ്രകടനവും നടത്തി. പൊലീസും സമരക്കാരുമാണ് ടീച്ചർക്ക് സംരക്ഷണമൊരുക്കിയത്. എന്നാൽ, പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ച് രാവിലെ 11ന് സ്ഥലത്തെത്തിയ ടീച്ചർ മലിനീകരണത്തിൻെറ ദുരിതങ്ങളും ഇരകളുടെ യാതനകളും നേരിട്ട് കണ്ടു. സമീപസ്ഥലങ്ങളെല്ലാം സന്ദർശിച്ചും സമരസമിതിയുടെ പ്രക്ഷോഭ റാലിയിൽ മുന്നിൽനിന്നും സമരക്കാരോടും നാട്ടുകാരോടും സംവദിച്ചും വൈകീട്ടാണ് തിരിച്ചുപോയത്. സമരസമിതിക്ക് സുഗതകുമാരി ടീച്ചറുടെ സന്ദർശനം പിന്തുണയും വലിയ ആത്മവിശ്വാസവുമാണ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.