വിമാനാപകടത്തിൽ മരിച്ച ഷറഫുദ്ദീന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

കുന്ദമംഗലം: കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകൾക്ക് നടുവിൽ നാടിൻ്റെ പ്രിയപ്പെട്ട ഷറഫുദ്ദീന് യാത്രാമൊഴി. കരിപ്പൂരിലെ വിമാന അപകടത്തിൽ മരണത്തിന് കീഴടങ്ങിയ പിലാശ്ശേരി മേലെ മരുതക്കാട്ടിൽ ഷറഫുദ്ദീൻ്റെ ചേതനയറ്റ ശരീരം ശനിയാഴ്ച വൈീട്ട് 3.30ന് വീട്ടിലെത്തിച്ചപ്പോൾ പ്രകൃതി പോലും തോരാത്ത കണ്ണീരുമായി ആ ദു:ഖത്തിൽ പങ്ക് ചേർന്നു.ദു:ഖമടക്കാനാവാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിതുമ്പി. 2008 ലാണ് ഷറഫു പ്രവാസ ജീവിതം തുടങ്ങിയത്.രണ്ട് വർഷം മുമ്പ് ലീവിൽ നാട്ടിൽ വന്ന് പോയതാണ്. പഴയ തറവാട് വീട് പുതുക്കിപ്പണിത്. പൂർത്തിയായില്ലെങ്കിലും, അതിൽ താമസമാക്കിയാണ് ലീവ് കഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങിയത്. കോവിഡ് കാലത്തിന് തൊട്ട​ുമുമ്പാണ് ഭാര്യ അമീന ഷറിനും ഏക മകൾ രണ്ട് വയസ്സുകാരി ഫാത്തിമ ഇസ്സയും വിസിറ്റിങ്​ വിസയിൽ ഗൾഫിലെത്തിയത്. അവർ നേരത്തെ നാട്ടിലേക്ക് തിരിച്ചുവരേണ്ടതായിരുന്നു. എന്നാൽ മഹാമാരിയിൽ എല്ലാം താളംതെറ്റി അവസാനം എല്ലാവരും കൂടി ഒന്നിച്ച് നാട്ടിലേക്ക് വരുമ്പോഴാണ് ദുരന്തമുണ്ടായത്. ഭാര്യയും മകളും അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.