ലക്ഷം രൂപയില്‍ താഴെയുള്ള സ്​റ്റാമ്പുകള്‍ ഇ-സ്​റ്റാമ്പിങ്ങിലൂടെ നല്‍കും -മുഖ്യമന്ത്രി

സ്വന്തം ലേഖകൻ കൽപറ്റ: ഒരു ലക്ഷം രൂപയില്‍ താഴെ സ്​റ്റാമ്പുകള്‍ ഇ-സ്​റ്റാമ്പിങ്ങിലൂടെ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലു ജില്ലകളില്‍ സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ക്ക്​ നിര്‍മിച്ച കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും വയനാട് ഉള്‍പ്പെടെ രണ്ടു ജില്ലകളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാതെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ബി.എസ്.എന്‍.എൽ ഒപ്റ്റിക് ഫൈബര്‍ കണക്​ഷനുകള്‍ നല്‍കും. ഇടുക്കി ജില്ലയില്‍ രണ്ടിടത്തും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഓരോ ഓഫിസിനുമുള്ള കെട്ടിടങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വയനാട്ടിലെ മാനന്തവാടി, തൃശൂരിലെ തൃപ്രയാര്‍ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം. സംസ്ഥാനത്ത് 315 സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ 107 എണ്ണം വാടക കെട്ടിടത്തിലാണ്​ പ്രവര്‍ത്തിക്കുന്നത്​. 100 വര്‍ഷത്തിലേറെ പഴക്കമുള്ള 53 കെട്ടിടങ്ങളാണ് നിലവിലുള്ളത്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവക്ക്​ സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിനും ആദ്യ ബജറ്റില്‍തന്നെ, കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കോടി രൂപ അനുവദിച്ചിരുന്നു. അതി​ൻെറ ഭാഗമായി 48 സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ക്കും മൂന്ന് രജിസ്‌ട്രേഷന്‍ കോംപ്ലക്‌സുകള്‍ക്കുമാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. അതില്‍ ഉള്‍പ്പെട്ട നാലു കെട്ടിടങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.