നിരോധിത നോട്ടിനുപകരം പുതിയ നോട്ട്; തടഞ്ഞുവെച്ച തട്ടിപ്പുസംഘത്തെ പൊലീസ് മോചിപ്പിച്ചു

പയ്യന്നൂർ: നിരോധിച്ച 500​ൻെറയും 1000ത്തി​ൻെറയും നോട്ടുകള്‍ക്കുപകരം പുതിയ കറന്‍സികള്‍ നല്‍കാമെന്നുപറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘത്തെ, തട്ടിപ്പിനിരയായവരെന്നു കരുതുന്നവർ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. പരിയാരം ഇരിങ്ങലിലെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദനത്തിന് വിധേയരായ അഞ്ചംഗ സംഘത്തിലെ മൂന്നുപേരെ പരിയാരം സി.ഐ കെ.വി. ബാബു, എസ്.ഐ എം.പി. ഷാജി എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് മോചിപ്പിച്ചു. മുംബൈ കുലാവയിലെ ഓം രാജ് (42), കല്യാണിലെ സമാധാൻ (34), ഗുജറാത്ത് അഹ്​മദാബാദിലെ അഷ്മിൻ (29) എന്നിവരെയാണ് മോചിപ്പിച്ചത്. രണ്ടുപേർ ഓടിരക്ഷപ്പെട്ടു. കർണാടക ബളഗാവിയിലെ സഞ്ജയ് (55), മുംബൈയിലെ സതീഷ് (47) എന്നിവരാണ് രക്ഷപ്പെട്ടത്. അക്രമിസംഘത്തിലെ ഒരാളെ അറസ്​റ്റുചെയ്തു. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാറും രണ്ട് ബൈക്കുകളും പൊലീസ്​ കസ്​റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവങ്ങളുടെ തുടക്കം. രാജസ്ഥാന്‍ അജ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ്, നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത്. ഇതിന് വിധേയരായവരാണ് ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഘത്തിൽനിന്ന് 60000 രൂപയും രണ്ട് സ്വർണമാലകളും ഒരു എ.ടി.എം കാർഡും അക്രമികൾ കൈക്കലാക്കിയതായി ആക്രമണത്തിനിരയായവർ പൊലീസിനോട് പറഞ്ഞു. ക്രൂരമായി മർദിച്ചതായും പറയുന്നു. ഇതിനു പുറമെ കണ്ണൂരിലെത്തിച്ച് എ.ടി.എം കൗണ്ടറിൽനിന്ന് 9000 രൂപ പിൻവലിച്ച് കൈക്കലാക്കിയതായും പറയുന്നു. കസ്​റ്റഡിയിലെടുത്ത വാഹനങ്ങളുടെ ഉടമകളുടെ വിവരങ്ങൾ ശേഖരിച്ച പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു. രാഘവൻ കടന്നപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.