കാലിയ റഫീഖിൽനിന്ന്​ പിടികൂടിയ തോക്ക് അധോലോക നായകൻ രവി പൂജാരിയുടേത്

മഞ്ചേശ്വരം: 2013ൽ കാലിയ റഫീഖി​ൻെറ കൈയിൽനിന്നും പൊലീസ് പിടികൂടിയ ആയുധങ്ങള്‍ അധോലോക നായകന്‍ രവി പൂജാരിയുടേതാണെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി സംസ്ഥാന ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. ഇതി​ൻെറ അടിസ്ഥാനത്തില്‍ ഈ കേസില്‍ പുനരന്വേഷണം നടത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. വിദ്യാനഗര്‍ പൊലീസാണ് ഇതുസംബന്ധിച്ച കേസ് രജിസ്​റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്. ആയുധങ്ങളുമായി കാലിയ റഫീഖിനെ പൊലീസ് അറസ്​റ്റ്​ ചെയ്തുവെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. 2017ല്‍ റഫീഖ് കൊല്ലപ്പെട്ടതോടെ കേസി​ൻെറ തുടരന്വേഷണം നിലക്കുകയും ചെയ്തു. കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പും കൊലപാതകവും അടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി 200ല്‍പരം കേസുകളില്‍ പ്രതിയായ രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്​റ്റിലായത്. പൂജാരിയെ റോയും കർണാടക പൊലീസും ചേര്‍ന്ന് നാട്ടിലെത്തിക്കുകയായിരുന്നു. കേരള പൊലീസും കർണാടകയിലെത്തി രവി പൂജാരിയെ ചോദ്യം ചെയ്‌തെങ്കിലും കോവിഡ് വ്യാപനമുണ്ടായതോടെ പരസ്പരം സഹകരിച്ചുള്ള അന്വേഷണം തുടരാന്‍ കേരളത്തിലെയും കർണാടകയിലെയും അന്വേഷണ സംഘങ്ങള്‍ക്കായില്ല. കാസര്‍കോട് ബേവിഞ്ചയിലെ കരാറുകാര​ൻെറ വീടിനുനേരെ രണ്ട് തവണ വെടിവെപ്പ് നടത്തിയതിന് പിന്നില്‍ രവി പൂജാരിയാണെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. ഇതിനിടെയാണ് കാലിയ റഫീഖില്‍നിന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് പിടികൂടിയ ആയുധങ്ങള്‍ രവി പൂജാരിയുടേതാണെന്നതി​ൻെറ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കാസര്‍കോട്ടെത്തും. വിദ്യാനഗര്‍ പൊലീസുമായി ബന്ധപ്പെട്ട് കേസി​ൻെറ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കാലിയ റഫീഖി​ൻെറ കൂട്ടാളികളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. 2017 ഫെബ്രുവരി 14ന് രാത്രി മംഗളൂരു കോട്ടേക്കാറിലാണ് ടിപ്പര്‍ ലോറിയിലെത്തിയ സംഘം കാലിയ റഫീഖിനെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയത്. ഉപ്പളയിലെ മുത്തലിബ് വധം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു റഫീഖ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.