വായനശാലകൾ അനീതിക്കെതിരായ പോരാട്ട കേന്ദ്രങ്ങൾ -മന്ത്രി മുഹമ്മദ് റിയാസ്

കടലുണ്ടി: പൊതു വായനശാലകൾ ഒരു പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അഥവാ അവിടങ്ങളിൽ ലൈബ്രറി സംവിധാനം സജീവമാണെങ്കിൽ അവിടെ അനീതി എളുപ്പമാവില്ലെന്ന് പൊതു മരാമത്ത് ടൂറിസം യുവജന കാര്യ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കടലുണ്ടി പബ്ലിക്ക് ലൈബ്രറി ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും മദർ ഓഫ് ദി ഇയർ അവാർഡ് സമർപ്പണവും നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അമ്മമാരുടെ ദിനത്തിൽ, മദർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്ത ഷഹീദ അനീസ് ജാബിറിനെ ചടങ്ങിൽ ആദരിച്ചു. കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.അനൂഷ അധ്യക്ഷത വഹിച്ചു. ലൈബ്രറി റിസർച് ഗൈഡ്‌ ഒ. അക്ഷയ് കുമാർ ലൈബ്രറി പ്രവർത്തനങ്ങൾ വിവരിച്ചു. ബേപ്പൂർ മണ്ഡലത്തിലെ മുഴുവൻ ലൈബ്രറികളെയും ഏകോപിപ്പിച്ചുള്ള ക്ലസ്റ്റർ രൂപവത്കരിക്കുകയും വിദ്യാർഥികൾക്കും തൊഴിൽ തേടുന്നവർക്കും മത്സര പരീക്ഷകൾക്ക് തയാറെടുക്കാനുള്ള ഒരിടമാക്കി ലൈബ്രറികൾ മാറ്റിയെടുക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ലൈബ്രറിയുടെ നിവേദനം ചടങ്ങിൽ മന്ത്രിക്ക് കൈമാറി. മദർ ഓഫ് ദി ഇയർ പുരസ്‌കാര ജേതാവ് ഷഹീദ അനീസ് ജാബിർ മറുപടി പ്രസംഗം നടത്തി. ബ്ലോക്ക് മെംബർ രേഷ്മ വെള്ളായിക്കോട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട്, പഞ്ചായത്ത് അംഗങ്ങളായ സി.എം. സതീദേവി, ഹക്കീമ മാളിയേക്കൽ, ജിത്തു കക്കാട്ട് എന്നിവർ സംസാരിച്ചു. എം.എം മഠത്തിൽ സ്വാഗതവും യൂനുസ് കടലുണ്ടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.