യുവാവിന്റേത് കസ്റ്റഡി മരണം; ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി

വടകര: പൊലീസ് സ്റ്റേഷൻ വളപ്പിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് ആഭ്യന്തര വകുപ്പിന് അന്വേഷണ റിപ്പോർട്ട് നൽകി. കല്ലേരി സ്വദേശി താഴെ കൊയിലോത്ത് സജീവനാണ് വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചത്. കസ്റ്റഡി മരണം എന്ന നിലയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. സജീവൻ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറിയത്. വെള്ളിയാഴ്ച ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അന്വേഷണസംഘം കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ലഭിച്ച വിവരങ്ങൾ അടങ്ങിയ വിശദ റിപ്പോർട്ടാണ് ആഭ്യന്തര വകുപ്പിന് കൈമാറിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ 11 പാടുകളുള്ളതായും ഇതിൽ എട്ട് പരിക്കുകൾ പോസ്റ്റ്മോർട്ടം നടക്കുന്നതിന് 24 മണിക്കൂറിനുള്ളിൽ ഉണ്ടായതാണെന്നും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ കൂടുതൽ വകുപ്പുകൾ ചേർത്ത് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ എസ്.ഐ എം. നിജേഷ്, വയർലെസ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ പ്രജീഷ് എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച പ്രതികളുടെ വീടുകളിൽ അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.