നടുവണ്ണൂർ: സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഇരമ്പുന്ന കഥകൾ പറയാനുള്ള ദേശമാണ് നടുവണ്ണൂർ. ബ്രിട്ടീഷ് ഭരണകാലത്ത് കുറുമ്പ്രനാട് താലൂക്കിന്റെ ആസ്ഥാനമായിരുന്ന നടുവണ്ണൂർ സ്വാതന്ത്ര്യ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും കേന്ദ്രമായിരുന്നു. സാമൂഹിക നവോത്ഥാനത്തിന്റെ ചാലകശക്തിയായി പ്രവർത്തിച്ച നന്താനശ്ശേരി ഇല്ലം ഈ വർഷത്തോടെ ഓർമയാവുകയാണ്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ നടുവണ്ണൂരിലെ ബാക്കിയാവുന്ന അടയാളവും ഇല്ലം പൊളിച്ചുനീക്കുന്നതോടെ ഓർമയാവുകയാണ്. നടുവണ്ണൂർ ദേശത്തിന്റെ അധികാരി പോലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ജയിലിലടക്കപ്പെട്ടതും ബ്രിട്ടീഷുകാർ ഏറെ പ്രാധാന്യത്തോടെ കണ്ട ഒരു സ്ഥാപനത്തെ രാത്രിക്ക് അഗ്നിക്കിരയാക്കിയതും ഉൾപ്പെടെ നിരവധി സ്വാതന്ത്ര്യ സ്മൃതികളുണ്ട് ഈ ദേശത്തിന്. 1942 ഡിസംബർ 22ന് അർധരാത്രിയിൽ നടുവണ്ണൂർ രജിസ്ട്രാർ ഓഫിസ് അഗ്നിക്കിരയാക്കിക്കൊണ്ടായിരുന്നു സ്വാതന്ത്ര്യസമര പോരാളികൾ പ്രതിഷേധം തീർത്തത്. ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകമായി 1871 മുതൽ നടുവണ്ണൂരിൽ ഉണ്ടായിരുന്നതാണ് ഈ ഓഫിസ്. നിരവധി രേഖകളുൾപ്പെടെ ഓഫിസ് മുഴുവനും കത്തിച്ചാമ്പലായി. കെ. കുഞ്ഞിരാമൻ നായർ, എടവനപ്പുറത്ത് അനന്തൻ നായർ, വി. ഗോവിന്ദൻ നായർ, കുഞ്ഞുണ്ണി വൈദ്യർ, ഗോവിന്ദക്കുറുപ്പ്, കുഞ്ഞിരാമൻ വൈദ്യർ തുടങ്ങിയവരായിരുന്നു നേതൃത്വം നൽകിയത്. തൊട്ടടുത്ത വർഷം തന്നെ 1943ൽ കത്തിച്ചാമ്പലായ രജിസ്ട്രാർ ഓഫിസിന് പകരമായി ബ്രിട്ടീഷ് സർക്കാർ പുതിയ കെട്ടിടം പണിതു. പിന്നീട് 2019വരെ രജിസ്ട്രാർ ഓഫിസ് പ്രവർത്തിച്ചത് ഈ കെട്ടിടത്തിലായിരുന്നു. കാലപ്പഴക്കംമൂലം ജീർണിച്ച ഈ കെട്ടിടം 2019ൽ പൊളിച്ചുമാറ്റി. 2020 ജൂലൈയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് രജിസ്ട്രാർ ഓഫിസിന് ആധുനിക കെട്ടിടം നിർമിച്ചു. സ്വാതന്ത്ര്യസമര പേരാട്ടങ്ങളുടെ നടുവണ്ണൂരിലെ കേന്ദ്രമായിരുന്നു അന്നത്തെ അംശം അധികാരിയായിരുന്ന പരമേശ്വരൻ മൂസ്സതിന്റെ നന്താനശ്ശേരി ഇല്ലം. പരമേശ്വരൻ മൂസ്സതും സഹോദരൻ ഗണപതി മൂസ്സതുമായിരുന്നു മുന്നിൽനിന്ന് നയിച്ചിരുന്നത്. സമര വളന്റിയർമാരുടെ കേന്ദ്രമായിരുന്ന ഈ ഇല്ലമാണ് അന്നത്തെ കുറുമ്പ്രനാട് കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്നത്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് അയിത്തോച്ചാടനത്തിന്റെ നേരിട്ടുള്ള ഇടപെടലും ഇവിടെ ഉണ്ടായി. കീഴ്ജാതിക്കാർക്ക് അന്യമായിരുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സുബ്രഹ്മണ്യ ക്ഷേത്രക്കുളത്തിൽ ഹരിജനങ്ങളെ കുളിപ്പിച്ചതും പന്തിഭോജനം നടത്തിയതും വിപ്ലവകരമായ പ്രവർത്തനമായിരുന്നു. കീഴ്ജാതിക്കാരെ ക്ഷേത്രക്കുളത്തിൽ കുളിപ്പിച്ച സംഭവത്തിൽ അക്കാലത്ത് സ്വസമുദായത്തിൽ നിന്നുതന്നെ കനത്ത എതിർപ്പ് നേരിട്ടിരുന്നു. പക്ഷേ, ഇതിനൊക്കെയെല്ലാം അവഗണിച്ച് മുന്നോട്ടുപോവുകയായിരുന്നു. ഗണപതി മൂസ്സതായിരുന്നു ഇതിന് നേതൃത്വം നൽകിയത്. മന്ദൻകാവ്, നടുവണ്ണൂർ, ചെങ്ങോട്ട് പാറ എന്നീ ഭാഗങ്ങളിൽ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള ഹിന്ദി പ്രചാരണവും നൂൽനൂൽപുകേന്ദ്രങ്ങളും അക്കാലത്ത് സജീവമായിരുന്നു. നടുവണ്ണൂർ ചന്ത കേന്ദ്രീകരിച്ച് നിരവധി സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളും ക്ലാസുകളും യോഗങ്ങളും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.