ദീപക്കിന്റെ തിരോധാനം: അന്വേഷണം ഊർജിതമാക്കി

മേപ്പയ്യൂർ: കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിന്റെ തിരോധാനത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം ഊർജിതമാക്കി. നാദാപുരം കൺട്രോൾ റൂം ഡിവൈ.എസ്.പി അബ്ദുൽമുനീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘം കഴിഞ്ഞ ദിവസം മേപ്പയ്യൂർ സ്റ്റേഷനിലെത്തി ദീപക്കിന്റെ അമ്മ ശ്രീലതയിൽനിന്നും സഹോദരീ ഭർത്താവിൽനിന്നും ദീപക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒന്നര വർഷംമുമ്പ് വിദേശത്തായിരുന്ന ദീപക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു. വിസയുടെ ആവശ്യത്തിന് എറണാകുളത്ത് പോകുകയാണെന്ന് പറഞ്ഞ് ജൂൺ ഏഴിനാണ് ദീപക് വീട്ടിൽനിന്ന് ഇറങ്ങിയത്. പിറ്റേദിവസം അമ്മയെ വിളിച്ചിരുന്നു. എന്നാൽ, പിന്നീട് ഫോൺ വിളിച്ചില്ല. അങ്ങോട്ടുവിളിച്ചപ്പോൾ സ്വിച്ഓഫാണെന്നും അമ്മ പൊലീസിന് മൊഴി നൽകി. ഇതിനുമുമ്പും ഒരാഴ്ച ദീപക്കിനെ കാണാതായിരുന്നു. അതുകൊണ്ടാണ് കുടുംബം പരാതി നൽകാൻ താമസിച്ചത്. ജൂലൈ 17ന് തിക്കോടി കോടിക്കൽ കടപ്പുറത്ത് കണ്ട മൃതദേഹം ദീപക്കിന്റേതാണെന്ന് കരുതി സംസ്കരിക്കുകയായിരുന്നു. പിന്നീടാണ് മൃതദേഹം പന്തിരിക്കരയിൽനിന്ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റേതാണെന്ന് കണ്ടെത്തിയത്. ദീപക് പോകാൻ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളം കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.