കൊടുവള്ളി: മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള കരിവില്ലിക്കാവ് അങ്കണവാടി കെട്ടിടം ജീർണാവസ്ഥയിൽ. പിഞ്ചുകുട്ടികൾ പഠിക്കുന്ന ഈ അങ്കണവാടി കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്ന് രണ്ടു വർഷത്തോളമായി ഓടുമേഞ്ഞ ഒരു പഴയ വീട്ടിലാണ് പ്രവർത്തിക്കുന്നത്. വീട്ടിലെ ഇടുങ്ങിയ മുറിയിൽ കുട്ടികൾക്ക് കളിക്കാനോ ഉല്ലസിക്കാനോ വേണ്ടത്ര സൗകര്യങ്ങളില്ല. പഠനവും കളിയുമെല്ലാം ഈ മുറിയിൽ തന്നെ. കുട്ടികളുടെ കളി ഉപകരണങ്ങളെല്ലാം ജീർണാവസ്ഥയിലായ അങ്കണവാടി കെട്ടിടത്തിനകത്താണുള്ളത്. കരിവില്ലിക്കാവ് - പൂവ്വറമ്മൽ റോഡിൽ കരിവില്ലിക്കാവ് ക്ഷേത്രത്തിനടുത്താണ് അങ്കണവാടി കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ ചുമരിനും മറ്റും വിള്ളൽ വീണതിനാൽ കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടാണ് അധികൃതർ കെട്ടിടത്തിൽ നിന്നും അങ്കണവാടി മാറ്റാൻ ആവശ്യപ്പെട്ടത്. കരീറ്റിപ്പറമ്പ് - മുക്കിലങ്ങാടി റോഡിൽ പാറമ്മൽ എന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് അങ്കണവാടി താത്കാലികമായി പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തോളമായി ഇവിടെ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നിലവിൽ 23 കുട്ടികളാണ് ഉള്ളത്. കാരാട്ട് റസാഖ് എം.എൽ.എ. ആയിരുന്നപ്പോൾ 25 ലക്ഷം രൂപ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിക്കാൻ അനുവദിച്ചിരുന്നു. സ്മാർട്ട് അങ്കണവാടി നിർമിക്കാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ എ.എസും ടി.എസും പൂർത്തിയായതാണ്. കെട്ടിടം നിർമിക്കാൻ കെല്ലി -നെയാണ് (KELL) ഏൽപ്പിച്ചിരിക്കുന്നത്. കരിവില്ലിക്കാവ്, പൂവ്വറമ്മൽ എന്നീ രണ്ട് പട്ടിക വർഗ കോളനിയിലെ കുട്ടികൾ, പ്രദേശത്തെ മറ്റ് കുട്ടികൾ എന്നിവരുടെ ഏക ആശ്രയമാണ് ഈ കരിവില്ലിക്കാവ് അങ്കണവാടി. ജീർണാവസ്ഥയിലായ അങ്കണവാടി കെട്ടിടത്തിന് മുകളിലാണ് കരിവില്ലിക്കാവ് സാംസ്കാരിക നിലയവും പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പോളിങ് ബൂത്ത് സജ്ജീകരിക്കുന്നതും ഈ ജീർണാവസ്ഥയിൽ കിടക്കുന്ന കെട്ടിടത്തിനകത്താണ്. ജീർണാവസ്ഥയിലുള്ള ഈ കെട്ടിടം പൊളിച്ചു മാറ്റിയാൽ മാത്രമേ പുതിയ കെട്ടിടം നിർമിക്കാൻ സാധിക്കുകയുള്ളു. എന്നാൽ, കെട്ടിടം പൊളിച്ചു മാറ്റാനുള്ള തുക ഫണ്ടിൽ ഉൾപ്പെട്ടിട്ടില്ല. അതിനാൽ കൊടുവള്ളി നഗരസഭയാണ് കെട്ടിടം പൊളിച്ചു മാറ്റേണ്ടത്. കെട്ടിടം പൊളിച്ചു മാറ്റാത്തതാണ് പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി വൈകാൻ കാരണമായി പറയുന്നത്. ചിത്രം: ജീർണാവസ്ഥയിലായ കരിവില്ലിക്കാവ് അങ്കണവാടി കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.