സ്വകാര്യ ബസുകൾ ഗ്രാമീണ മേഖലകളിലേക്ക് ഓടുന്നില്ല: യാത്രക്കാർ ബുദ്ധിമുട്ടുന്നു

നന്മണ്ട: ഗ്രാമീണ മേഖലയിലേക്കുള്ള സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയതോടെ യാത്രക്കാർ വിഷമവൃത്തത്തിലായി. കോഴിക്കോട്- ബാലുശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസുകളാണ് ഗ്രാമീണ മേഖലയിലേക്കുള്ള ഓട്ടം നിർത്തി ബാലുശ്ശേരി സ്റ്റാൻഡ്, പൊലീസ് സ്റ്റേഷൻ പരിസരത്തായി നിർത്തിയിടുന്നത്. എരമംഗലം, കാരാട്ടുപാറ, വാകയാട് കോവിലകം താഴം, കുറുമ്പൊയിൽ, കിനാലൂർ എസ്റ്റേറ്റ്, കക്കയം, വീര്യമ്പ്രം, കൂരാച്ചുണ്ട് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് യാത്രാക്ലേശം അനുഭവിക്കുന്നവരിലേറെയും. കൂരാച്ചുണ്ടിലേക്ക് നഗരത്തിൽ നിന്നും രാത്രി 8.25ന് പുറപ്പെടുന്ന സ്വകാര്യ ബസ് കൂരാച്ചുണ്ടിൽ പോവാതെ ബാലുശ്ശേരിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്നത് നിരന്തര സംഭവമായി മാറിയിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു. നഗരത്തിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ, വിവിധ മേഖലയിൽ തൊഴിലെടുക്കുന്നവർക്കെല്ലാം സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് സംബന്ധിച്ച് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർക്ക് പരാതി നൽകിയിട്ടും സർവിസ് വെട്ടിച്ചുരുക്കുന്ന സ്വകാര്യ ബസുകാർക്കെതിരെ നടപടി എടുക്കുന്നില്ലായെന്നാണ് പൊതുവെ ഉയരുന്ന പരാതി. നന്മണ്ടയിലും ജോ ആർ.ടി. ഓഫിസ് ഉണ്ടെങ്കിലും അവരും സ്വകാര്യ ബസുകളുടെ സർവിസ് കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കുന്നില്ലായെന്നും രക്ഷിതാക്കൾ പറയുന്നു. ബാലുശേരി ബസ് സ്റ്റാൻഡ് നവീകരിച്ചപ്പോൾ ട്രാഫിക് എയ്ഡ് പോസ്റ്റിനായി മുറി നീക്കിവെച്ചിരുന്നുവെങ്കിലും അത് നോക്കുകുത്തിയായി മാറി. അതുകൊണ്ടു തന്നെ ബാലുശ്ശേരി സ്റ്റാൻഡിലെത്തുന്ന ബസുകളിൽ ഏതെല്ലാമാണ് ട്രിപ്പ് അവസാനിപ്പിക്കുന്നതെന്നറിയാനുള്ള സംവിധാനവും ഇല്ല. ജനത്തെ പെരുവഴിയിലാക്കുന്ന സ്വകാര്യ ബസുകളുടെ നിലപാടിനെതിരെ നടപടി ശക്തമാക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്നാണ് യാത്രക്കാർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.