ബേപ്പൂർ: വിശ്വസാഹിത്യത്തിൽ മലയാളത്തെ അടയാളപ്പെടുത്തിയ കഥകളുടെ രാജശിൽപി ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് ബേപ്പൂരിൽ സ്മാരകമുയരുന്നു. ജൂലൈ മൂന്നിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്മാരക നിർമാണത്തിന് ശിലയിടും. ബഷീറിന്റെ 28ാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ രണ്ടുമുതൽ അഞ്ചുവരെ ബേപ്പൂരിൽ സംഘടിപ്പിക്കുന്ന 'ബഷീർ ഫെസ്റ്റി'നോടനുബന്ധിച്ചാണ് സ്മാരക മന്ദിരത്തിന് തറക്കല്ലിടുന്നത്. ജൂലൈ അഞ്ചിനാണ് ബഷീറിന്റെ ചരമവാർഷിക ദിനം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ 16 കോടി രൂപ ചെലവിലാണ് നിർമാണം. ബി.സി റോഡിൽ വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നതും 2019ൽ കോർപറേഷൻ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചതുമായ ബേപ്പൂർ കമ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റിയാണ് സ്മാരക മന്ദിരം നിർമിക്കുന്നത്. ഇതിനു സമീപം കോഴിക്കോട് കോർപറേഷന്റെ കൈവശമുള്ള 82.69 സെന്റ് സ്ഥലവും പ്രയോജനപ്പെടുത്തും. തൊട്ടടുത്തുള്ള 14 സെന്റ് സ്ഥലംകൂടി കോർപറേഷൻ ഏറ്റെടുക്കും. ബഷീറിന് ലഭിച്ച പുരസ്‌കാരങ്ങള്‍, അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍, കൈയെഴുത്ത് പ്രതികള്‍, എഴുത്തുകാരുമൊത്തുള്ള ഫോട്ടോകള്‍ എന്നിവ സംരക്ഷിക്കാനും എഴുത്തുകാര്‍ക്ക് രചന നടത്താനുള്ള ഇടവും വായനമുറിയും മറ്റും ചേര്‍ന്നതായിരിക്കും സ്മാരകം. ഗവേഷണകേന്ദ്രം, സാംസ്കാരിക പരിപാടികൾക്കുള്ള ഹാളുകൾ, ഓപൺ എയർ പച്ചത്തുരുത്തുകൾ, ബഷീർ കഥാപാത്രങ്ങളുടെ മിനിയേച്ചറുകൾ, കുട്ടികൾക്കായി അക്ഷരത്തോട്ടം എന്നിവ കെട്ടിടത്തിൽ സജ്ജമാക്കും. കഥാകാരനെ അറിയാനും ആ പ്രതിഭാവിലാസത്തിന്റെ ശേഷിപ്പുകള്‍ കാണാനും ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ വിദ്യാർഥികളും ഗവേഷകരും എത്തുന്നത് പതിവാണ്. വൈലാലില്‍ ഒരു മുറി മുഴുവന്‍ ബഷീറിന്റെ കൃതികളും അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളും സൂക്ഷിച്ചിരിക്കുകയാണ്. ബഷീറിനെക്കുറിച്ചോർക്കുമ്പോൾ മനസ്സിൽ വരുന്ന ആദ്യരൂപം അദ്ദേഹത്തിന്റെ വീടും പരിസരവും മാങ്കോസ്റ്റിൻ മരവും ചാരുകസേരയിൽ ഇരുന്നുള്ള എഴുത്തും സമീപത്തെ ഗ്രാമഫോണും ചേർന്നതാണ്. അതുകൊണ്ട് ഉചിത സ്മാരകം നിർമിക്കേണ്ടത് വൈലാലിൽ വീട്ടിൽ തന്നെയാകണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.