ബിരുദ സീറ്റുകൾ വെട്ടിക്കുറക്കരുത്​; ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്​ സിൻഡിക്കേറ്റ് അംഗത്തിന്‍റെ കത്ത്​

കോഴിക്കോട്​: കാലിക്കറ്റ് സർവകലാശാലക്ക്​ കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളജുകളിൽ സീറ്റുകൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന് കത്ത് നൽകി. ആർട്സ്, കോമേഴ്സ് വിഷയങ്ങളിൽ കഴിഞ്ഞ വർഷം 70 സീറ്റായിരുന്നു ബിരുദ പ്രവേശനത്തിന് അനുവദിച്ചിരുന്നത്. സയൻസ് വിഷയങ്ങളിൽ പരമാവധി 55 സീറ്റിലേക്കുവരെ ​പ്രവേശനം നൽകിയിരുന്നു. ഈ വർഷം ആർട്സ്, കോമേഴ്സ് വിഷയങ്ങളിൽ 60ഉം സയൻസ് വിഷയങ്ങളിൽ 48 സീറ്റിലേക്കും മാത്രമേ പ്രവേശനം നൽകാവൂ എന്നാണ് സർവകലാശാല ഉത്തരവ്. ഇതനുസരിച്ച് മലബാറിലെ സർക്കാർ, എയ്ഡഡ് കോളജുകളിൽ 14,500 സീറ്റുകളുടെ കുറവുണ്ടാകും. കൃത്രിമ സീറ്റുക്ഷാമം സൃഷ്ടിച്ച് സ്വാശ്രയ കോളജുകളിലേക്കും സ്വകാര്യ സർവകലാശാലകളിലേക്കും വിദ്യാർഥികളെ തള്ളിവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സീറ്റ് വെട്ടിക്കുറച്ചത്. ഇടത് അനുകൂല അധ്യാപക സംഘടനകളും എസ്.എഫ്.ഐയും ഈ കാര്യത്തെക്കുറിച്ച് മൗനംപാലിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും കത്തിൽ പറയുന്നു. ഓപൺ സർവകലാശാലക്ക്​ വേണ്ടി മറ്റ്​ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പ്രവേശനം തടഞ്ഞ ഉത്തരവും പിൻവലിക്കണമെന്ന്​ റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.