വ്യാജ നമ്പർ ഉപയോഗിച്ചോടിയ സ്കൂട്ടർ ആണ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തത് കണ്ണൂർ: മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനപരിശോധനയിൽ വർഷങ്ങൾക്ക് മുമ്പ് കളവുപോയതും വ്യാജ നമ്പർ ഉപയോഗിച്ചോടിയതുമായ സ്കൂട്ടർ പിടിച്ചെടുത്തു. നിയമലംഘനത്തിന്റെ പേരിൽ പിഴയടക്കാൻ നോട്ടീസ് ലഭിച്ച യഥാർഥ നമ്പർ ഉടമയായ പാലക്കാട് സ്വദേശി മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് ഇതേ നമ്പറിൽ കളവുപോയ വണ്ടി ഓടുന്നതായി ശ്രദ്ധയിൽപെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ വാഹനം കണ്ണൂർ കുടുക്കിമൊട്ടക്ക് സമീപത്തെ ഇരുചക്രവാഹന വർക്ക്ഷോപ്പിൽനിന്ന് പൊളിച്ചിട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ ഈ വാഹനത്തിന്റെ യഥാർഥ നമ്പർ തിരിച്ചറിയുകയും രണ്ടു വർഷം മുമ്പ് കാക്കയങ്ങാടുനിന്ന് മോഷണം നടത്തി കടത്തിക്കൊണ്ടുപോയതാണെന്നും കണ്ടെത്തി. വാഹനം മട്ടന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജഗൻ ലാൽ, കെ.ബി. ഷിജോ, അസി. ഇൻസ്പെക്ടർമാരായ സുധീവ്, ജോജു, സുധീർ എന്നിവർ അടങ്ങിയ സംഘമാണ് വാഹനം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.