കണ്ണൂർ: കനത്ത സുരക്ഷാകവചത്തിൽ പിണറായി കടന്നുപോകുമ്പോൾ മുഖത്ത് ചോരചിന്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുണ്ട് കണ്ണൂരിന്‍റെ ഓർമയിൽ. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് ഞായറാഴ്ച കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് പഴുതടച്ച സുരക്ഷയൊരുക്കിയത്. പ്രതിഷേധക്കാർക്കെതിരെ കണ്ണൂരിൽ പൊലീസ് കർശന നടപടിയാണ് സ്വീകരിച്ചത്. സോളാർ കേസിൽ ആരോപണവിധേയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നേരെ 2013 ഒക്‌ടോബർ 27നായിരുന്നു കണ്ണൂർ ടൗണിൽ ആക്രമണം നടന്നത്. ഉമ്മൻ ചാണ്ടി സഞ്ചരിച്ച കാറിന് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നു. കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്ന സംസ്‌ഥാന പൊലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടിക്ക് നേരെ ആക്രമണം നടന്നത്. കല്ലേറിൽ കാറിന്റെ ചില്ല് തകർന്ന് ഉമ്മൻ ചാണ്ടിയുടെ നെഞ്ചിനും മുഖത്തും പരിക്കേറ്റു. കാറിന്‍റെ ചില്ല് തകർന്ന് തുളച്ചുകയറിയ കല്ല് പതിച്ച് നെറ്റിയിൽ മുറിവേറ്റു. തുടർന്ന് രക്തം പൊടിഞ്ഞ നെറ്റിയുമായാണ് ഉമ്മൻ ചാണ്ടി പൊലീസ് കായികമേള സമാപനച്ചടങ്ങിൽ പങ്കെടുത്തത്. സമാപനച്ചടങ്ങിന് ശേഷം കായികതാരങ്ങൾക്ക് ഒരുക്കിയ മെഡിക്കൽ സെന്‍ററിൽനിന്ന് പ്രാഥമിക ശുശ്രൂഷക്ക് വിധേയനായി. പിന്നീട് രണ്ട് ചടങ്ങുകളിൽ പങ്കെടുത്തശേഷമാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക് സി.പി.എമ്മിന്‍റെ അന്നത്തെ ജില്ല സെക്രട്ടറി പി. ജയരാജൻ, എം.വി. ജയരാജൻ, സി.പി.ഐ ജില്ല സെക്രട്ടറി സി. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ കരിങ്കൊടിയേന്തി പ്രകടനം നടത്തിയിരുന്നു. ഇവരെ പരിപാടി നടക്കുന്ന പൊലീസ് പരേഡ് ഗ്രൗണ്ടിലേക്ക് കടക്കാൻ അനുവദിക്കാതെ പൊലീസ് തടയുകയായിരുന്നു. സോളാർ കേസിൽ സരിതയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു അന്ന് കേരളമാകെ പ്രതിഷേധം. കണ്ണൂരിൽ നടന്ന അക്രമസംഭവത്തിൽ പ്രതികൾക്ക് എതിരെ വധശ്രമത്തിനും ഗൂഢാലോചനക്കും കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നു. കേസിൽ മൊത്തം 114 പ്രതികളാണുണ്ടായിരുന്നത്. ഇതിന്‍റെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല. സ്വർണക്കടത്ത് കേസിലെ പ്രതിഷേധത്തെ തുടർന്ന് പിണറായിക്ക് പൊലീസ് സുരക്ഷ കർശനമാക്കിയതിനെ തുടർന്ന് ചടങ്ങുകളിൽ കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തിയതിനെ ഉമ്മൻ ചാണ്ടി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. കണ്ണൂരിൽ ഇടതുപക്ഷത്തിന്റെ വഴിവിട്ട പ്രതിഷേധമായിരുന്നു. എന്നിട്ടും സാധാരണയിൽ കവിഞ്ഞ ഒരു സുരക്ഷയും അന്ന് തനിക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. -പി.വി. സനൽ കുമാർ പടം -ummanchandy injury -കണ്ണൂരിൽ കല്ലേറിൽ പരിക്കേറ്റ ഉമ്മൻ ചാണ്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ (ഫയൽ ചിത്രം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.