കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

അപകടത്തിൽ സഹോദരി നേരത്തെ മരിച്ചിരുന്നു മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട്ടെ കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ച് ഗുരുതര പരിക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം വാരിശ്ശേരി റഹ്നാ മൻസിലിൽ ഇസ്ഹാഖിന്റെയും മുഴപ്പിലങ്ങാട് കെട്ടിനകം കെൻസിലെ സജുനയുടെയും മകളായ ഹനൂന (21)യാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരുടെ അനുജത്തി ഇഫത്ത്റഹ്മ (13) ആശുപത്രിയിൽവെച്ച് നേരത്തെ മരിച്ചിരുന്നു. മേയ് 25ന് രാത്രി തൃശൂരിനടത്ത് ഇവർ ഓടിച്ച ആൾട്ടോ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചായിരുന്നു അപകടം. കോട്ടയത്ത് വീട് വെച്ച് താമസിച്ചുവരുകയായിരുന്ന ഇവർ തലശ്ശേരിയിലെ ബന്ധുവീട്ടിൽ വന്ന് തിരിച്ചുപോകവേ തൃശൂരിൽ കാർ നിയന്ത്രണം വിട്ട് പാതയോരത്തെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ പിതാവ് ഇസ്ഹാഖ്, മാതാവ് സജ്ന എന്നിവർക്കും പരിക്കേറ്റിരുന്നു. ചെറിയ കുട്ടി അബൂബക്കർ മാത്രമാണ് രക്ഷപ്പെട്ടത്. ഹനൂനയുടെ ഭർത്താവ് ഷിബിൽ. തലശ്ശേരി സൈദാർപള്ളി സ്വദേശിയാണ്. ദുബൈയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അപകട വാർത്തയറിഞ്ഞ് നാട്ടിലെത്തിയിരുന്നു. ഹനൂനയുടെ പിതാവ് ഇസ്ഹാഖ് കോട്ടയത്ത് സെലക്ഷൻ സെന്റർ എന്ന സ്ഥാപനം നടത്തിവരുകയാണ്. മൃതദേഹം തൃശൂരിലെ ആശുപത്രിയിലാണുള്ളത്. ഞായറാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം മുഴപ്പിലങ്ങാട്ടെ കെട്ടിനകത്തെ വസതിയിൽ കൊണ്ടുവരും. തുടർന്ന് തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.