കൊട്ടിയൂർ വൈശാഖ മഹോത്സവം സമാപിച്ചു

കേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് തൃക്കലശാട്ടോടെ സമാപനമായി. വെള്ളിയാഴ്ച രാവിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകർന്നതോടെ തൃക്കലശാട്ട ചടങ്ങുകൾക്ക് തുടക്കമായി. താൽക്കാലിക ശ്രീകോവിൽ പിഴുത് തിരുവൻചിറയിൽ നിക്ഷേപിച്ചു. പ്രധാന തന്ത്രിമാർ സ്വർണം, വെള്ളി കുംഭങ്ങളിൽ പൂജിച്ചുവെച്ച കളഭകുംഭങ്ങൾ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് സ്ഥാനികരോടൊപ്പം മണിത്തറയിൽ പ്രവേശിച്ച് അടിയന്തര യോഗക്കാരുടെയും സാന്നിധ്യത്തിൽ കളഭം സ്വയംഭൂവിൽ അഭിഷേകം ചെയ്തു. തുടർന്ന് വയനാട്​ മുതിരേരിക്കാവിലേക്ക് വാൾ തിരിച്ചെഴുന്നള്ളിച്ചു. ബലി ബിംബങ്ങൾ ഇക്കരെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് നിത്യപൂജകൾക്ക് തുടക്കമായി. ഭണ്ഡാരവും ചപ്പാരം വാളുകളും മണത്തണയിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ഞായറാഴ്ച വറ്റടി നടക്കും. ജന്മശാന്തി പടിഞ്ഞീറ്റയും ഉഷകാമ്പ്രവും അക്കരെയിൽ എത്തി സ്വയംഭൂവിനെ അഷ്ടബന്ധം കൊണ്ട് ആവരണം ചെയ്ത് ഒരു ചെമ്പ് ചോറ് നിവേദിച്ചശേഷം മടങ്ങും. ഇനി അക്കരെ സന്നിധാനം 11 മാസക്കാലം നിശ്ശബ്ദതയിൽ അമരും. തൃക്കലശാട്ട് ചടങ്ങിൽ പങ്കെടുക്കാനും ആടിയകളഭം പ്രസാദമായി സ്വീകരിക്കാനും ഭക്തരുടെ തിരക്കുണ്ടായി. ഹരിഗോവിന്ദ കീർത്തനാലാപനത്തോടെയാണ് ഭക്തർ തൃക്കലശാട്ട് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. photo: അക്കരെ കൊട്ടിയൂരിൽ തൃക്കലശാട്ടിനോടനുബന്ധിച്ച് സ്വയംഭൂവിൽ കളഭം അഭിഷേകം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.