കെ. എസ്. ആർ.ടി.സി ഡബിൾ ഡെക്കർ ബസ് ബീച്ചിലൂടെ സർവിസ് നടത്തുന്നു
കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ സർവിസ് ലാഭത്തിലേക്ക്. വിനോദസഞ്ചാരികളെ ആകർഷിക്കാനായി ഈ വർഷം മാർച്ച് 10നാണ് ഡബിൾ ഡക്കർ ബസ് സർവിസ് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തത്. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ സർവിസ് തുടങ്ങുകയും ചെയ്തു. ആളുകൾ ഏറ്റെടുത്തതോടെ കലക്ഷനിലും കുതിപ്പുണ്ടായി. പ്രതിദിനം ശരാശരി 22,000 രൂപ ലഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
ആഴ്ചയിൽ എല്ലാദിവസവും സർവീസുണ്ട്. ഡബിൾ ഡക്കറിന്റെ മുകൾ ഭാഗം തുറന്ന നിലയിലാണ്. മുകളിൽ 36ഉം താഴെ 28ഉം സീറ്റുകളാണുള്ളത്. തുറന്ന ആകാശത്തിനു കീഴിൽ നഗരക്കാഴ്ചകൾ കാണാനാണ് ഏറെ ആളുകളുള്ളത്.
മുകൾനിലയിൽ 200 രൂപയും താഴത്ത് 100 രൂപയുമാണ് ചാർജ്. ദിവസവും അഞ്ചു സർവിസുകളാണുള്ളത്. കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽനിന്ന് യാത്രതുടങ്ങുന്ന യാത്ര അരയിടത്തുപാലം, സരോവരം, എരഞ്ഞിപ്പാലം, നടക്കാവ്, മാനാഞ്ചിറ, പാളയം, ഫ്രാൻസിസ് റോഡ്, സൗത്ത് ബീച്ച്,വഴി കോതിപ്പാലം,ബീച്ച് എന്നിവ കവർ ചെയ്യും. onlineksrtcswift.com എന്ന വെബ്സൈറ്റ് വഴി ആളുകൾക്ക് യാത്ര ബുക്ക് ചെയ്യാം.
പ്രധാനമായി മറ്റ് ജില്ലകളിൽനിന്നാണ് ഡബിൾ ഡക്കറിൽ കോഴിക്കോട് നഗരം ചുറ്റിക്കറങ്ങാൻ ആളുകളെത്തുന്നത്. ഒരിക്കൽ യാത്ര ചെയ്തവർ തന്നെ വീണ്ടുമെത്തുന്നു. മഴക്കാലമാകുന്നതോടെ ഡബിൾ ഡക്കറിൽ സഞ്ചരിക്കാനെത്താൻ കൂടുതൽ ആളുകൾ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
എയർടെൽ, ജിയോ, റിലയൻസ് തുടങ്ങിയ സ്വകാര്യ ടെലിഫോൺ കമ്പനികളുടെ കേബിളുകളും കെ.എസ്.ഇ.ബിയുടെ ലൈനുകളുമാണ് ബസ് സർവിസിന് പ്രധാന തടസ്സം. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പോസ്റ്റുകളെല്ലാം മാറ്റി സ്ഥാപിക്കേണ്ടതിനാൽ കെ.എസ്.ഇ.ബിയുടെ ലൈനുകളെല്ലാം റോഡിലേക്ക് താഴ്ന്നു കിടക്കുകയാണ്. വ്യാപാരഭവൻ, ക്രിസ്റ്റ്യൻ കോളജ് ക്രോസ്റോഡ്,ബീച്ച് ഹോസ്പിറ്റൽ പാളയം എന്നിവിടങ്ങളിലെല്ലാം കേബിളുകൾ ഡബിൾ ഡക്കറിന്റെ സുഗമമായ യാത്രക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
ബുക്കിങ് മാർഗനിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.