പ്രഖ്യാപനങ്ങൾ തുടരുന്നു; കുതിരവട്ടത്ത്​ അന്തേവാസികൾ ചാടുന്നതും

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് അന്തേവാസികൾ ചാടിപ്പോവുന്നത് തുടരുന്നു. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോൾ കർശന നടപടിയുണ്ടാവുമെന്ന്​ പ്രഖ്യാപനമുണ്ടാവുമെങ്കിലും എല്ലാം പതിവിൻപടി തുടരുകയാണ്​. കടുത്ത സുരക്ഷാവീഴ്ചയുണ്ടാക്കി തിങ്കളാഴ്ച രാത്രി 10.30 ഓടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരിക്കെ റിമാന്‍ഡ് പ്രതി തടവുചാടി. കല്പക​ഞ്ചേരി കൊടക്കാട്​ മുഹമ്മദ്​ ഇർഫാനാണ്​ ചാടിപ്പോയത്​. ബൈക്കിൽ നാട്ടിലേക്ക്​ പോകവെ കോട്ടക്കൽ ലോറിയുമായി ഇടിച്ച്​ ഇർഫാൻ മരിച്ചു. വാര്‍ഡ് മൂന്നിലെ ശുചിമുറിയിൽനിന്ന്​ ഡ്രെയിനേജിലേക്കുള്ള പൈപ്പിന്‍റെ ദ്വാരം തുരന്ന്​ വലുതാക്കിയായിരുന്നു രക്ഷപ്പെട്ടത്. ആശുപത്രിയില്‍നിന്ന് പുറത്തുകടന്ന്​ ബൈക്ക് മോഷ്ടിച്ചാണ്​ രക്ഷപ്പെട്ടത്. 60 അന്തേവാസികൾ ഈ വാർഡിലുണ്ട്​. അവിടെനിന്ന്​ ഒന്നാം വാർഡിന്‍റെ അരികിൽ മതിൽ ചാടിയാണ്​ രക്ഷപ്പെട്ടതെന്ന്​ കരുതുന്നു. നേരത്തേ വിചാരണ തടവുകാരടക്കം നാലു പേർ ചാടിപ്പോയത്​ വാർത്തയായിരുന്നു. മാസങ്ങൾക്ക്​ മുമ്പ്​ രാവിലെ കുന്ദമംഗലം സ്വദേശിയായ 24കാരൻ രക്ഷപ്പെട്ടിരുന്നു. ഇദ്ദേഹത്തെ മണിക്കൂറുകൾക്കുള്ളിൽ മടവൂർ ഭാഗത്തുനിന്ന് പിടികൂടി. അതിന്​ മുമ്പ്​ ഒമ്പതു ദിവസത്തിനിടെ രണ്ട് സ്ത്രീകളടക്കം അഞ്ചുപേർ ചാടിപ്പോയത് വാർത്തയായിരുന്നു. ചികിത്സയുടെ ഭാഗമായുള്ള ഐസൊലേഷൻ വാർഡിൽനിന്നാണ്​ പലപ്പോഴും അന്തേവാസികൾ കടക്കുന്നത്​. മഹാരാഷ്ട്ര സ്വദേശിയായ 17കാരിയും നടക്കാവ് സ്വദേശിയായ 39കാരനും രക്ഷപ്പെട്ടത്​ ഈയിടെയാണ്​. 42കാരനായ മഞ്ചേരി സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും അടുത്താണ്​. കഴിഞ്ഞ ഡിസംബറിൽ ശുചിമുറിയുടെ ജനല്‍ പൊളിച്ച്​ വണ്ടൂര്‍ സ്വദേശിയായ യുവാവ്​ രക്ഷപ്പെട്ടിരുന്നു. ടോയ്‌ലറ്റ് ബ്രഷ് ഉപയോഗിച്ച് ഭിത്തി തുരന്ന ശേഷം വനിത അന്തേവാസിയും കുളിക്കാന്‍ കൊണ്ടു പോകുന്നതിനിടെ മറ്റൊരാളും ചാടിപ്പോയ സംഭവവുമുണ്ടായി. രണ്ടു പേരേയും പിന്നീട് കണ്ടെത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. മുമ്പ്​ മഹാരാഷ്ട്ര സ്വദേശിനിയെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോൾ നടന്ന അന്വേഷണത്തില്‍ ബംഗാള്‍ സ്വദേശിനിയുമായുണ്ടായ അടിപിടിയില്‍ കൊല്ലപ്പെട്ടുവെന്ന്​ കണ്ടെത്തി. ജീര്‍ണിച്ച കെട്ടിടവും വേണ്ടത്ര ജീവനക്കാരില്ലാത്തതും കുതിരവട്ടം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായാണ്​ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.