തൊഴിലുറപ്പുജോലി നിഷേധിച്ചതായി പരാതി

ഓമശ്ശേരി: പുഴയോര സംരക്ഷണസമിതി സംഘടിപ്പിച്ച ശുചീകരണയജ്ഞത്തിൽ പങ്കെടുക്കാത്തതിന് തൊഴിലുറപ്പു ജോലിയിൽനിന്ന് മാറ്റിനിർത്തിയതായി പരാതി. പഞ്ചായത്തിലെ ഏഴാം വാർഡിലെ പഴയേടത്ത് നിവാസികളായ ഏഴു പേർക്കാണ് പഞ്ചായത്ത് അധികൃതർ ജോലി നിഷേധിച്ചത്. ജോലിക്കെത്തിയ അവരോട് മാറിനിൽക്കാൻ ചുമതലയുള്ള ലീഡർ ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്ത് വാർഡ് അംഗത്തിന്റെ നിർദേശപ്രകാരമാണ് ഇവരെ മാറ്റിനിർത്തി എന്നാണ് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടവരോട് മാറ്റ് വ്യക്തമാക്കിയത്. മതിയായ കാരണത്താലാണ് തങ്ങൾ ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ഇവർ പറയുന്നു. മാർച്ച് 26നായിരുന്നു ശുചീകരണം. ഓമശ്ശേരി പഞ്ചായത്തിലെ മാനിപുരം പുഴയിലാണ് ശുചീകരണം നടന്നത്. പട്ടിക വിഭാഗത്തിൽപെട്ടവരും തൊഴിൽ നിഷേധിച്ചവരിൽ ഉണ്ട്. വർഷങ്ങളായി തങ്ങൾ തൊഴിലുറപ്പുജോലി ചെയ്തുവരുകയാണെന്നും മാറ്റിനിർത്തപ്പെട്ട അംഗങ്ങൾ പറഞ്ഞു. പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന് പഴേടത്ത് സിന്ധുവിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ജില്ല കലക്ടറോട് ആവശ്യപ്പെട്ടു. അതേസമയം, ജോലി നിഷേധിച്ചതായുള്ള ആരോപണം വാർഡ് അംഗം ഫാത്തിമ അബു നിഷേധിച്ചു. അടുത്ത ജോലി ഇവർക്ക് നൽകുമെന്ന് അവർ പറഞ്ഞു. പുഴ ശുചീകരണ ജോലിയിൽനിന്ന് അംഗങ്ങൾ മാറിനിന്നത് ജോലിക്കെത്തിയവരെ നിരാശരാക്കിയെന്ന് അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.