ജലാറ്റിൻ സ്റ്റിക്ക്, കാരക്കണ്ടി സ്ഫോടനം; ദുരൂഹതകളുടെ നഗരമായി ബത്തേരി

സുൽത്താൻ ബത്തേരി: നാട്ടുവൈദ്യൻ ഷാബ ഷെരീഫിന്‍റെ കൊലപാതകത്തിൽ ഷൈബിൻ അഷ്റഫ് അറസ്റ്റിലായതോടെ ക്വട്ടേഷൻ, ഗുണ്ട സംഘങ്ങൾ സുൽത്താൻ ബത്തേരിയിൽ ശക്തമായിരുന്നുവെന്നത് ഞെട്ടലോടെയാണ് ജനം തിരിച്ചറിയുന്നത്. കൈപ്പഞ്ചേരിയിൽ ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തിയതും ഒരു വർഷം മുമ്പ് കാരക്കണ്ടിയിൽ നടന്ന സ്ഫോടനവും ചരിത്രമുറങ്ങുന്ന ഈ നഗരത്തെ ദുരൂഹതകളുടെ കേന്ദ്രമാക്കുകയാണ്. അധോലോകവുമായി ജലാറ്റിൻ സ്റ്റിക്കിന് ബന്ധമുണ്ടെന്ന് ഏറെക്കുറെ തെളിഞ്ഞിരിക്കുകയാണ്. എന്നാൽ കാരക്കണ്ടിയിലെ സ്ഫോടകവസ്തുക്കളുടെ കാര്യം ഇപ്പോഴും പുകമറയ്ക്കുള്ളിൽതന്നെ. ക്വട്ടേഷൻ, ഗുണ്ട സംഘങ്ങളുമായി രാഷ്ട്രീയ നേതൃത്വങ്ങൾ ഇടപെട്ടു എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. പൊതുചടങ്ങുകളിൽ ഷൈബിനെപ്പോലുള്ളവരെ ആദരിക്കാൻ മുഖ്യധാര രാഷ്ട്രീയക്കാർ താൽപര്യമെടുത്തിട്ടുണ്ട്. ജനപ്രതിനിധികളുമായി ഇദ്ദേഹം വേദി പങ്കിടുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അനധികൃത ഇടപാടുകൾ അറിയാതെയാണ് അന്ന് ഇടപെട്ടതെന്നാണ് ഇപ്പോൾ രാഷ്ട്രീയ നേതൃത്വങ്ങൾ വിശദീകരിക്കുന്നത്. ഷൈബിനുമായി അടുത്തിടപഴകി, പിന്നീട് തെറ്റിയ ഒരു നേതാവിനെ വകവരുത്താനാണ് ജലാറ്റിൻ സ്റ്റിക്ക് എത്തിച്ചതെന്ന ആരോപണത്തിൽ കഴമ്പുണ്ടാകുന്നത് ഈ സാഹചര്യത്തിലാണ്. യു.ഡി.എഫ് നേതാക്കളുടെ ഷൈബിനുമായുള്ള അടുപ്പം ഉയർത്തിക്കാട്ടി എൽ.ഡി.എഫ് പ്രചാരണം ശക്തമാക്കുമ്പോൾ കൈപ്പഞ്ചേരിയിലെ ജലാറ്റിൻ സ്റ്റിക്ക് സി.പി.എം നേതാവിന്‍റെ വീട്ടുവളപ്പിൽ നിന്നല്ലേ കണ്ടെടുത്തതെന്നാണ് യു.ഡി.എഫ് ചോദിക്കുന്നത്. 2021 ഏപ്രിൽ മാസത്തിലാണ് നഗരത്തോട് ചേർന്നുള്ള കാരക്കണ്ടിയിൽ സ്ഫോടനം നടന്നത്. ആൾ താമസമില്ലാത്ത വീടിന്‍റെ ഔട്ട് ഹൗസിൽ രഹസ്യമായി സൂക്ഷിച്ച ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. കൗമാരക്കാരായ മൂന്ന് കുട്ടികൾ റോഡിലൂടെ നടക്കുന്നതിനിടയിൽ നേരംപോക്കിനായി ഇവിടെ കയറി. സ്ഫോടനത്തിൽ മൂന്ന് കുട്ടികളും മരിച്ചു. സ്ഫോടക വസ്തുക്കൾ എന്തിനാണ് അവിടെ സൂക്ഷിച്ചതെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ആരാണ് സ്ഫോടക വസ്തുവിന്‍റെ ഉടമ എന്നതാണ് കണ്ടെത്തേണ്ടത്. പൊലീസ് നിസ്സാരമാക്കി തള്ളിയ കാരക്കണ്ടി സ്ഫോടനം പുതിയ സാഹചര്യത്തിൽ വലിയ ചർച്ചയാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.