കേന്ദ്രവും സംസ്ഥാനവും മത്സ്യത്തൊഴിലാളികളെ ഒരുപോലെ ​ദ്രോഹിക്കുന്നു -രമേശ്​ ചെന്നിത്തല

കോഴിക്കോട്: കേന്ദ്രവും സംസ്ഥാനവും മത്സ്യത്തൊഴിലാളികളെ ഒരുപോലെ ​ദ്രോഹിക്കുകയാണെന്ന്​ രമേശ്​ ചെന്നിത്തല എം.എൽ.എ കുറ്റപ്പെടുത്തി. ഈ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടാണ്​. ജില്ല കോൺഗ്രസിന്റേയും മത്സ്യത്തൊഴിലാളി കോൺഗ്രസിന്റേയും നേതൃത്വത്തിൽ പുതിയാപ്പ ഹാർബറിൽ നടത്തിയ പ്രതിഷേധ കഞ്ഞിവെപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമമല്ല വിദേശികളാണ് കേന്ദ്രത്തിന്‍റെ പ്രശ്‌നം. വൻകിട ട്രോളർമാർക്ക് തീരം തീറെഴുതി യഥേഷ്ടം വിഹരിക്കാനുള്ള കൂത്തരങ്ങാക്കി കേരളതീരമടക്കം മാറ്റി. മണ്ണെണ്ണ എങ്ങനെ വിലകുറച്ച് നൽകാമെന്നല്ല മണ്ണെണ്ണ പരമാവധി വിലകൂട്ടി എങ്ങനെ കൊടുക്കാതിരിക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ആശ്വാസമാകേണ്ട കേരളസർക്കാറും സബ്‌സിഡിപോലും നൽകാതെ മത്സ്യത്തൊഴിലാളികളെ എങ്ങനെ പിഴിയാമെന്ന് ആലോചിക്കുകയാണ്. തെരഞ്ഞെടുപ്പുകാലത്ത് നൽകിയ വാഗ്ദാനങ്ങളെല്ലാം ജലരേഖകളാണ്. മാസത്തിൽ 15 ദിവസം കടലിൽ പോകരുതെന്ന മുന്നറിയിപ്പ് കൃത്യമായി നൽകുന്നുണ്ട്. എന്നാൽ, ഈ 15 ദിവസം കടലിന്റെ മക്കൾ എങ്ങനെ ജീവിക്കും എന്നുമാത്രം പറയുന്നില്ല. ഭവനനിർമാണത്തിന്റെ കാര്യത്തിലും അപകട ഇൻഷുറൻസിന്റെ കാര്യത്തിലും ക്ഷേമനിധിയുടെ കാര്യത്തിലുമെല്ലാം ഒരേനയമാണ് ഇരുകൂട്ടർക്കും. തമിഴ്‌നാടും കർണാടകയുമടക്കമുള്ള സംസ്ഥാനങ്ങൾ മണ്ണെണ്ണക്ക് സബ്‌സിഡി നൽകുമ്പോൾ കേരളം മാത്രം പുറംതിരിഞ്ഞുനിൽക്കുകയാണ്. ഇത്തരം അനീതികൾക്കെതിരെ ജനം അണിനിരക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. ഐ. മൂസ, എൻ. സുബ്രഹ്മണ്യൻ, പി. അശോകൻ, എം. രാജൻ, കരിച്ചാലിൽ പ്രേമൻ, ഉമേഷ് തുടങ്ങിയവർ സംസാരിച്ചു. vj 100 ജില്ല കോൺഗ്രസിന്റേയും മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെയും നേതൃത്വത്തിൽ പുതിയാപ്പ ഹാർബറിൽ നടത്തിയ പ്രതിഷേധ കഞ്ഞിവെപ്പ് സമരം രമേശ്​ ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.