തൊണ്ടിലക്കടവിൽ പുഴയിലെ മലിനജലം കിണറുകളിലേക്ക് ദുര്‍ഗന്ധം രൂക്ഷം; മീനുകൾ ചത്തുപൊങ്ങി

ഫറോക്ക്: ചാലിയാറിന്റെ കൈവഴിയായ കൊളത്തറ ചെറുപുഴയിലെ കറുത്ത മലിനജലം കിണറുകളിലേക്ക് വ്യാപിച്ചു. ഇതോടെ നല്ലളം, റഹ്മാന്‍ ബസാര്‍, തൊണ്ടിലക്കടവ് പുഴയോര നിവാസികള്‍ ദുരിതത്തിലായി. മാരകരോഗങ്ങൾ പടരുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. ആരോഗ്യവകുപ്പും അധികാരികളും വിഷയത്തിൽ ഇടപെടാത്തതിൽ പ്രതിഷേധം കനത്തു. മലിനജലം കിണറുകളിൽ വ്യാപിക്കുന്നതിന് ശാശ്വത പരിഹാരം തേടി നാട്ടുകാർ ബഹുജന ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കാനൊരുങ്ങുകയാണ്. പ്രശ്നത്തിന് പരിഹാരം കാണാൻ ജില്ല കലക്ടർക്കും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു. കോട്ടുമ്മല്‍, നല്ലളം, റഹ്മാന്‍ ബസാര്‍, തൊണ്ടിലക്കടവ് മേഖലയിലെ പുഴയോരവാസികള്‍ ഇതേത്തുടര്‍ന്ന് വലയുകയാണ്. എന്താണ് വെള്ളം കറുത്തനിറത്തിലാകാന്‍ കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ മുതൽക്കാണ് പുഴവെള്ളം കറുത്ത് ദുര്‍ഗന്ധമുള്ളതായി കണ്ടത്. സമീപപ്രദേശങ്ങളിലെ ഇരുമ്പുരുക്ക് കമ്പനിയിൽനിന്നും മറ്റും മാലിന്യം തുറന്നുവിട്ടതാണ് പുഴയിലെ ജലം മലിനമാകാൻ കാരണമെന്നും ആക്ഷേപമുണ്ട്. ദുര്‍ഗന്ധംകാരണം പുഴയോരത്ത് താമസിക്കുന്നവരില്‍ ചിലര്‍ക്ക് മനംപുരട്ടലും തലകറക്കവും അനുഭവപ്പെട്ടു. വേനല്‍മഴ തുടങ്ങിയതോടെ പ്രദേശത്തെ കിണറുകളിലേക്ക് കൂടുതൽ കറുത്ത പുഴവെള്ളം കലരുമോയെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. ആരോഗ്യവകുപ്പ് ഇടപെടാത്തതിനെ തുടര്‍ന്ന് മേലധികാരികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പുഴയോരവാസികള്‍. കഴിഞ്ഞവര്‍ഷവും ഇതേസമയം പുഴയില്‍ ദുര്‍ഗന്ധം വമിക്കുന്ന കറുത്തജലം നിറഞ്ഞ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. അന്ന് കൊച്ചിയില്‍നിന്ന് സെൻട്രല്‍ മറൈന്‍ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സി.എം.എഫ്.ആര്‍.ഐ) വിദഗ്ധരെത്തി വെള്ളത്തി​ന്റെ സാമ്പ്ൾ എടുത്തും ചത്തമത്സ്യങ്ങളെ പോസ്റ്റ്മോര്‍ട്ടം നടത്തിയും പരിശോധിച്ചിരുന്നു. വെള്ളത്തില്‍ മാരകമായതൊന്നും കലര്‍ന്നിട്ടില്ലെന്നും കാലാവസ്ഥമാറ്റമാണ് നിറംമാറ്റത്തിന് കാരണമെന്നുമാണ് അന്ന് കണ്ടെത്തിയത്. പടം : തൊണ്ടിലക്കടവിൽ പുഴയിൽ ദുർഗന്ധം വമിക്കുന്ന കറുത്ത മലിനജലം filenameclfrk 210

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.