മൂന്നര മണിക്കൂറോളം മണ്ണിനടിയിൽ മൃതദേഹം കണ്ടെത്തിയത് അബ്ദുൽ ലത്തീഫ്

പന്തീരാങ്കാവ്: പുത്തൂർമഠം മുണ്ട് പാലത്ത് നിർമാണത്തിലിരിക്കുന്ന കിണറിടിഞ്ഞ് അപകടത്തിൽ മരിച്ച ബിഹാർ സ്വദേശി സുഭാഷ് കുമാർ മണ്ണിനടിയിൽ കിടന്നത് മൂന്നര മണിക്കൂറോളം. രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. പൊലീസും അഗ്നിശമന സേനയും നാട്ടുകാരുമെത്തി ആളെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും മഴയിൽ കുതിർന്ന കിണറിന്റെ അരിക് ഭിത്തി വീണ്ടും ഇടിയുമെന്ന നിലയിലായതിനാൽ രക്ഷാപ്രവർത്തനം ശ്രമകരമായിരുന്നു. അപകടവാർത്ത അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ അമ്പിലോളി കുന്നത്ത് അബ്ദുൽ ലത്തീഫ് പൊലീസും അഗ്നിരക്ഷ സേനയുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, കിണർ വീണ്ടും ഇടിയാൻ സാധ്യതയുള്ളതിനാൽ അധികൃതർ ആദ്യം അബ്ദുല്ലത്തീഫിന്റെ സന്നദ്ധത നിരസിക്കുകയായിരുന്നു. ഏറെ സമയത്തിനുശേഷം അഗ്നിരക്ഷാ സേന അംഗത്തിനൊപ്പം കിണറിലിറങ്ങിയ അബ്ദുല്ലത്തീഫ് മിനിറ്റുകൾക്കകം തന്നെ അപകടത്തിൽ പെട്ട ആളെ കണ്ടെത്തി. മണ്ണിന് ഇളക്കംതട്ടാതെ കൈ ഉപയോഗിച്ച് മാത്രം മണ്ണിൽ പരതിയാണ് അബ്ദുല്ലത്തീഫ് ആളെ കണ്ടെത്തിയത്. 25 വർഷത്തോളം കിണർ നിർമാണരംഗത്ത് ജോലിചെയ്ത പരിചയമാണ് രക്ഷാപ്രവർത്തനത്തിനിറങ്ങാൻ അബ്ദുല്ലത്തീഫിന് പ്രചോദനമായത്. ഉച്ചക്ക് 12.40 ഓടെയാണ് സുഭാഷ് കുമാറിന്റെ മൃതദേഹം പുറത്തെടുത്തത്. പുത്തൂർ മഠം മസ്ജിദ് മനാർ പ്രസിഡന്റും മുസ്‍ലിം ലീഗ് പ്രാദേശിക നേതാവുമാണ് അബ്ദുല്ലത്തീഫ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.