ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി വേണം -വെൽഫെയർ പാർട്ടി

മുക്കം: ഐ.സി.ഡി.എസിന് കീഴിൽ അംഗൻവാടി ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി വേണമെന്നും നിയമനങ്ങൾ നീതിപൂർവമായും പക്ഷപാതരഹിതമായും നടത്തണമെന്നും വെൽഫെയർ പാർട്ടി മുക്കം നഗരസഭ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. പ്രമോഷൻ ലിസ്റ്റിൽനിന്ന് 25 ശതമാനം നിയമനം നടത്തണമെന്ന സർക്കാർ വ്യവസ്ഥ ലംഘിച്ച് അധികാരികൾ സ്വന്തക്കാരെ നിയമിക്കുകയാണുണ്ടായത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് തയാറാക്കിയ സീനിയോരിറ്റി ലിസ്റ്റ് നിലനിൽക്കവേ അതിനെ മറികടക്കാൻ രാഷ്ട്രീയ പരിഗണന മാത്രം മുൻനിർത്തി തയാറാക്കിയ സെലക്ഷൻ ലിസ്റ്റിൽ നിന്നായിരുന്നു നിയമനം നൽകിയത്. ഇന്റർവ്യൂ ബോർഡംഗമായ മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്വയം നിയമിതയായത് അധികാര ദുർവിനിയോഗമാണ്. സർക്കാർ പൊതുസംവിധാനങ്ങളെ ഇത്തരം തരംതാണ കുടില രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ തകർക്കാനുള്ള ശ്രമം അനുവദിക്കില്ല. സ്വജനപക്ഷപാതവും അഴിമതിയും അധികാര ദുർവിനിയോഗവും വെച്ചുപൊറുപ്പിക്കില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. വിവാദ നിയമനങ്ങൾ റദ്ദ് ചെയ്യുകയും എത്രയും പെട്ടെന്ന് നീതിപൂർവമായി നിയമനങ്ങൾ നടത്തുകയും ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും വെൽഫെയർ പാർട്ടി മുന്നറിയിപ്പ് നൽകി. മുനിസിപ്പൽ പ്രസിഡന്റ് സാലിഹ് കൊടപ്പന അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ, ഫാത്തിമ കൊടപ്പന, സാറ കൂടാരം, സെക്രട്ടറി സലീന യൂനുസ്, കെ. അബ്ദുൽ ഗഫൂർ, റഹീം ചേന്ദമംഗലൂർ, ശഫീഖ് മാടായി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.