'ദി ക്രാഡിൽ' ആപ്​ പുറത്തിറക്കി

കോഴിക്കോട്​: സമൂഹത്തിന്‍റെ നിലനിൽപിനും സുസ്ഥിര മുന്നേറ്റത്തിനും വനിത-ശിശുസൗഹൃദ പദ്ധതികൾ അനിവാര്യമാണെന്ന് മന്ത്രി വീണ ജോർജ്. കോഴിക്കോട് ജെൻഡർ പാർക്കിൽ 'ദി ക്രാഡിൽ' ആപ്ലിക്കേഷൻ പ്രകാശനവും ജെംസ് ബുക്ക് വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ വനിത-ശിശു വികസന വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ശിശുപരിപാലനം, മാതൃത്വം, ആരോഗ്യകരമായ കൗമാരം എന്നീ മേഖലകൾ കേന്ദ്രീകരിച്ചുള്ള സമ്പൂർണ വനിത-ശിശു വികസന പദ്ധതിയാണ് 'ദി ക്രാഡിൽ'. കുട്ടികളുടെ ശേഷീവികാസത്തിനുതകുന്ന തരത്തിലുള്ള പരിസ്ഥിതിസൗഹൃദവും ശിശുസൗഹൃദവുമായുള്ള അംഗൻവാടി കെട്ടിടങ്ങൾ, ഇൻഡോർ-ഔട്ട്ഡോർ നവീകരണം, പുതുക്കിയ ഭക്ഷണക്രമം, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നൂട്രിമിക്സ്, ആരോഗ്യ വിദഗ്ധരുടെ സമിതി തയാറാക്കിയ ജെംസ് പുസ്തകങ്ങൾ എന്നിവയാണ്‌ ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. പദ്ധതിയുടെ ഭാഗമായി എൻ.ഐ.സിയുടെയും ഇംഹാൻസിന്റെയും സഹകരണത്തോടെ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോ​ഗിച്ചാണ് 'ക്രാഡിൽ' മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. കുട്ടികളിലെ ശേഷീവികാസത്തെ കൂടുതൽ ശാസ്ത്രീയമായി സമീപിക്കുന്നതിന്‌ സഹായിക്കുന്ന പ്രയോജനപ്രദമായ നിരവധി ടൂളുകൾ ഉൾപ്പെടുത്തിയാണ്‌ ആപ് തയാറാക്കിയിട്ടുള്ളത്. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. വി.ആർ. രാജു മുഖ്യാതിഥിയായി. ഐ.സി.ഡി.എസ് പേരാമ്പ്ര പ്രോജക്ട് ഓഫിസർ ദീപ മന്ത്രിയിൽനിന്ന് ജെംസ് ബുക്കിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫിസർ പി.പി. അനിത നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.